റിപ്പർ ചന്ദ്രന്റെ കൂട്ടാളി മോഷണക്കേസിൽ അറസ്റ്റിൽ
text_fieldsഇട്ടെ ബാർപെ അബൂബക്കർ
മംഗളൂരു: ബെൽത്തങ്ങാടി താലൂക്കിലെ കുറ്റ്ലൂർ ഗ്രാമത്തിൽ നടന്ന മോഷണക്കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് ഇട്ടെ ബാർപെ അബൂബക്കറിനെ (71) വേണൂർ പൊലീസ് അറസ്റ്റ് ചെയ്തു. 1991ൽ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയ കാസർകോട് കരിന്തളം സ്വദേശി റിപ്പർ മുതുകുറ്റി ചന്ദ്രന്റെ കർണാടകയിലെ സംഘത്തിലുൾപ്പെട്ടിരുന്നയാളാണ് ഇട്ടെബാർപെ. മഞ്ജുശ്രീ നഗറിലെ അവിനാഷിന്റെ വീട്ടിൽനിന്ന് 9.50 ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം രണ്ടിന് അവിനാഷ് വീട് പൂട്ടി പുറത്തുപോയിരുന്നു. ആറിന് വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
താലി മാല, മുത്തുമാല, 149 ഗ്രാം സ്വർണ മാലകൾ എന്നിവ ഉൾപ്പെടെ നഷ്ടപ്പെട്ടു. പ്രധാന വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. മോഷ്ടിച്ച ആഭരണങ്ങൾ വിറ്റതായി പ്രതി പൊലീസിനോട് പറഞ്ഞു. ബെൽത്തങ്ങാടി ഇൻസ്പെക്ടർ സുബ്ബപൂർമത്തിന്റെയും വേണൂർ പൊലീസ് സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. ചിക്കമംഗളൂരു സ്വദേശിയായ അബൂബക്കർ സൂറത്ത്കൽ കാനക്കടുത്താണ് താമസം.
നാലു പതിറ്റാണ്ടായി ദക്ഷിണ കന്നട, ഉഡുപ്പി, ചിക്കമംഗളൂരു ജില്ലകളിലെയും കേരളത്തിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 50ലധികം മോഷണക്കേസുകളിൽ ഉൾപ്പെട്ട ഇയാൾ നിരവധി തവണ അറസ്റ്റിലാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ജൂൺ 27ന് ഷിർവ പൊലീസ് പരിധിയിലെ മട്ടാരു ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ അതിക്രമിച്ചു കയറി 7.50 ലക്ഷം രൂപ വിലമതിക്കുന്ന 66.76 ഗ്രാം സ്വർണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായിരുന്നു.
അടുത്തിടെയാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. 1980കളിൽ ചിക്കമംഗളൂരുവിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിൽ തന്റെ ഓട്ടോറിക്ഷയുടെ പിന്നിൽ ‘ഇട്ടെ ബാർപെ’ എന്ന പ്രശസ്ത യക്ഷഗാന നാടകത്തിന്റെ പേര് എഴുതിയിരുന്നു. അതിനുശേഷമാണ് ആ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പ്രതിയെ ബെൽത്തങ്ങാടി കോടതി ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

