അപകടത്തിൽ മരിച്ചയാളുടെ മോതിരവും പഴ്സും നഷ്ടപ്പെട്ടു; അന്വേഷിക്കണമെന്ന് മകൻ
text_fieldsരാജൻ
ഷൊർണൂർ: അപകടത്തിൽ മരിച്ചയാളുടെ മോതിരവും പഴ്സും നഷ്ടമായ സംഭവത്തിൽ മകൻ പരാതി നൽകി രണ്ട് മാസമായിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ സെപ്റ്റംബർ 12ന് മരിച്ച കണയം കിഴക്കേതിൽ രാജന്റെ മകൻ രാജേഷാണ് പരാതിക്കാരൻ. ഒറ്റപ്പാലം പൊലീസിലാണ് പരാതി നൽകിയതെന്നും രാജേഷ് പറയുന്നു.
വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിലാണ് രാജൻ മരിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് ധരിച്ചിരുന്ന ഒരു പവനിലധികമുള്ള മോതിരവും വാച്ചും പഴ്സും കാണാനില്ലെന്ന വിവരം മക്കളും മറ്റും ശ്രദ്ധിക്കുന്നത്. സംസ്കാര ചടങ്ങുകൾക്ക് ശേഷം ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോൾ അച്ഛന്റെ ഒപ്പമുണ്ടായിരുന്നയാളിന് നൽകിയതായാണ് അറിയിച്ചതെന്ന് രാജേഷ് പറയുന്നു.
ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ അച്ഛന്റെ കൈയിൽ മോതിരം ദൃശ്യമാണ്. മരണം സ്ഥിരീകരിച്ച് മോർച്ചറിയിലേക്ക് മാറ്റുമ്പോൾ മോതിരം ശരീരത്തിലില്ലായിരുന്നു. പല തവണ ആശുപത്രിയിൽ ചെന്നെങ്കിലും പ്രയോജനമുണ്ടായില്ല.
അറുപതാം പിറന്നാൾ സമ്മാനമായി മക്കൾ ചേർന്ന് നൽകിയതാണ് മോതിരമെന്ന് രാജേഷ് പറഞ്ഞു. വികാരപരമായ ബന്ധം കൂടി കണക്കിലെടുത്ത് മോതിരം തിരിച്ച് ലഭിക്കാൻ വേണമെങ്കിൽ പണം നൽകാമെന്ന് വ്യക്തമാക്കിയിട്ടും കാര്യമുണ്ടായില്ല.
അച്ഛന്റെ ഓർമ്മയ്ക്കായി മോതിരമെങ്കിലും കിട്ടുമോയെന്നറിയാൻ സെപ്റ്റംബർ 23നാണ് പരാതി നൽകിയത്.
മോഷ്ടിച്ചയാളുടെ പേരുൾപ്പെടുത്തി പരാതി നൽകിയാൽ മാത്രമേ കേസെടുക്കാനാകൂവെന്നാണ് എസ്.എച്ച്.ഒ. പറഞ്ഞതെന്നാണ് രാജേഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

