പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് റിട്ട.അധ്യാപികയുടെ മാല തട്ടി; യുവാവ് അറസ്റ്റിൽ
text_fieldsജോയ്സ്
ഗാന്ധിനഗർ(കോട്ടയം): പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് റിട്ട. അധ്യാപികയുടെ സ്വർണമാല തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയ്സിനെയാണ് (29) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: പരാതിക്കാരി നിരന്തരം പ്രേതസ്വപ്നങ്ങൾ കാണുന്നത് സംബന്ധിച്ച് ഫേസ്ബുക്കിൽ പരിചയപ്പെട്ട ഡേവിഡ് ജോൺ എന്ന വ്യാജപ്പേരുള്ള ജോയ്സിേനാട് പരിഹാരം തേടി. ഇയാളോട് സംശയങ്ങൾ ചോദിക്കുന്നത് പതിവാക്കി. തുടർന്ന് പ്രേതബാധ ഒഴിപ്പിക്കാൻ എന്ന വ്യാജേന ഇയാൾ കുപ്പികളും കുടവും മഞ്ചാടിക്കുരുവും മറ്റ് പൂജദ്രവ്യങ്ങളുമായി അധ്യാപികയുടെ വീട്ടിലെത്തി. പൂജ നടക്കുന്നതിനിടെ ശക്തമായ പ്രേതബാധയാണെന്നും അതിനാൽ സ്വർണംകൂടി വേണമെന്നും ആവശ്യപ്പെട്ടു. അതിനുശേഷം മഞ്ചാടിക്കുരുവും ശംഖും രുദ്രാക്ഷവും ഇട്ട കുടത്തിലേക്ക് സ്വർണമാല ഊരി ഇട്ട് കണ്ണടച്ച് പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. ഇയാൾ പറഞ്ഞതനുസരിച്ച് നാലുപവെൻറ മാല ഊരി അധ്യാപിക കുടത്തിലിട്ടു.കണ്ണടച്ചതോടെ ഇയാൾ മാല കൈവശപ്പെടുത്തി കുടം അടച്ചുകെട്ടി.
പാരാസൈക്കോളജിയിൽ റിസർച് നടത്തുന്ന വ്യക്തിയാണെന്നും പാരാസൈക്കോളജിയും പരമ്പരാഗത വിശ്വാസങ്ങളും ചേർന്നുപോയാൽ മാത്രമേ ആത്മാവിനെ ബന്ധിപ്പിക്കാൻ സാധിക്കൂവെന്നുമാണ് വിശ്വസിപ്പിച്ചത്. അതിന് അദൃശ്യനായ വൈദികെൻറ നിർദേശപ്രകാരം മാലയിട്ട കുടം അഞ്ചുദിവസത്തിനുശേഷമേ തുറക്കാവൂയെന്ന് പറഞ്ഞ് ഫീസ് വാങ്ങി ഇയാൾ മടങ്ങി. അഞ്ചാം ദിവസം കുടം തുറന്നപ്പോൾ മാല ഉണ്ടായിരുന്നില്ല. ഇതോടെ കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിനെ വിവരം അറിയിക്കുകയും ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസിെൻറ നിർദേശപ്രകാരം ജോയ്സിനെ അധ്യാപിക വിളിച്ചെങ്കിലും പ്രേതബാധക്ക് കൂടുതൽ ശക്തിയുള്ളതിനാൽ 21 ദിവസം കഴിഞ്ഞേ കുടം തുറക്കാവൂയെന്ന് പറഞ്ഞു. തുടർന്ന് കട്ടപ്പന പൊലീസിെൻറ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ ഉദയകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.