ഇൻഷുറൻസ് പോളിസിയുടെ പേരിൽ തട്ടിപ്പ്; റിട്ട അധ്യാപകന് നഷ്ടമായത് ഒരു ലക്ഷം രൂപ
text_fieldsനേമം: കാലാവധി കഴിഞ്ഞ ഇൻഷുറൻസ് പോളിസി പുതുക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം വലിയവിള സ്വദേശിയും റിട്ട.കോളജ് അധ്യാപകനുമായ ഡോ. അനിൽ കുമാറിന്റെ ഒരു ലക്ഷം രൂപയാണ് ഇൻഷുറൻസ് പോളിസി പുതുക്കി നൽകാമെന്ന് പറഞ്ഞ് വ്യാജ ടെലിഫോൺ കോളിന്റെ സഹായത്തോടുകൂടി കവർന്നത്. ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ഇൻഷുറൻസ് കമ്പനിയുടെ പേരുപറഞ്ഞായിരുന്നു തട്ടിപ്പ്. റോഷ്നി ശർമ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയാണ് അധ്യാപകനെ ഫോണിൽ ബന്ധപ്പെട്ടത്. 2017ൽ എടുത്ത പോളിസി ലാപ്സായെന്നും അത് പുതുക്കാൻ അവസരമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് അനുരാധ ജെയ്ൻ എന്ന ഉദ്യോഗസ്ഥയുടെ നമ്പർ നൽകുകയും ഐ.ആർ.ഡി.എ.ഐയുടെ സ്ഥിരീകരണം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു.
പോളിസി പുതുക്കുന്നതിന് രണ്ടുതവണത്തെ പ്രീമിയം തുകയായ ഒരു ലക്ഷം രൂപ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ചിഹ്നവും വിവരങ്ങളും അടങ്ങിയ ലെറ്റർപാഡും വ്യാജ വാട്സ്ആപ്പ് പ്രൊഫൈലുകളും കാണിച്ചാണ് തട്ടിപ്പുകാർ വിശ്വാസ്യത സൃഷ്ടിച്ചത്. തന്നോട് സംസാരിച്ച കോളിൽ സംശയം തോന്നാത്തതിനാൽ പരാതിക്കാരൻ വഴുതക്കാട് ബ്രാഞ്ചിൽ നിന്ന് തുക ഇവരുടെ അക്കൗണ്ടിലേക്കു കൈമാറുകയായിരുന്നു. പണം കൈമാറിയിട്ടും അനിൽകുമാറിന് സംശയമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് പോളിസി പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് യാതൊരു അറിയിപ്പോ കോളോ വന്നില്ല. താൻ കബളിപ്പിക്കപ്പെട്ടു എന്നുള്ള സംശയത്തിന്റെ പേരിൽ പിന്നീട് സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് അനിൽ കുമാർ താൻ തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിന് പരാതി നൽകി. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

