മകളോടുള്ള പ്രണയമാണ് കൊലക്ക് കാരണം; പേട്ട കൊലപാതകത്തിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്
text_fieldsഅനീഷ് ജോർജ്
പേട്ടയില്‍ 19കാരൻ അനീഷ് ജോർജിനെ അയൽക്കാരൻ കുത്തിക്കൊന്നത് മുൻവൈരാഗ്യത്തെ തുടര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മകളും അനീഷും തമ്മിലുള്ള പ്രണയത്തോടുള്ള എതിര്‍പ്പും അതിലുള്ള പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിമാന്‍ഡ് പ്രതി സൈമണൽ ലാലന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പുലർച്ചെ അയൽ വീട്ടിൽ വെച്ച് കുത്തേറ്റാണ് അനീഷ് ജോർജ് മരിക്കുന്നത്. കള്ളനെന്ന് തെറ്റിധരിച്ച് കുത്തിയതാണെന്നായിരുന്നു പ്രതി സൈമണ്‍ ലാലന്‍ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിരുന്നില്ല. പ്രതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തിൽ തന്നെയാണ് കുത്തിയത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സൈമണിന്‍റെ മകളുമായിട്ട് അനീഷിന് ഉണ്ടായിരുന്ന പ്രണയമാണ് വൈരാഗ്യത്തിന് കാരണം. അനീഷ് പെൺകുട്ടിയുടെ കുടുംബവുമായി ബന്ധം പുലർത്തുന്നതിൽ സൈമണിന് യോജിപ്പുണ്ടായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ 3.30 ഒാടെയാണ് അനീഷിന് സൈമിണിന്‍റെ വീട്ടിൽ വെച്ച് കുത്തേൽക്കുന്നത്. സൈമൺ ലാലൻ നെഞ്ചിലും മുതുകിലും കുത്തി അനീഷിനെ കൊലപ്പെടുത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി വീടിന് സമീപത്തെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു വച്ചതായും പ്രതി പറഞ്ഞിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ രക്തം പുരണ്ട കത്തി പൊലീസ് കണ്ടെടുക്കുകയും കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് അനീഷിന്‍റെ കുടുംബം പറയുന്നത്. 3.20 ന് അനീഷിനെ പെൺകുട്ടിയുടെ അമ്മ വിളിച്ചിട്ടുണ്ട്. 3.30 നാണ് അനീഷിന് കുത്തേൽക്കുന്നത്. 4.30 ന് അനീഷിന്‍റെ ഫോണിലേക്ക് അവന്‍റെ അമ്മ വിളിക്കുമ്പോൾ ഫോണെടുത്തത് പെൺകുട്ടിയുടെ മാതാവാണ്. അനീഷിനെ അന്വേഷിച്ചപ്പോൾ പൊലീസിനോട് ചോദിക്കണമെന്നാണ് അവർ പറഞ്ഞതെന്നും അനീഷിന്‍റെ കുടുംബം പറയുന്നു.