തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
text_fieldsഹരിപ്പാട്: മൂന്ന് മാസം മുമ്പ് കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ചതുപ്പ് നിലത്തിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കന്യാകുമാരി കുമാരപുരം മുട്ടക്കാട് വലിയപറമ്പിൽ സേവ്യറിന്റെ(34) മൃതദേഹമാണ് കഴിഞ്ഞ ശനിയാഴ്ച കാർത്തികപ്പള്ളി വലിയകുളങ്ങര ദേവി ക്ഷേത്രത്തിനു വടക്കുവശം ചതുപ്പ് നിലത്തിൽ കാണപ്പെട്ടത്.
തിങ്കളാഴ്ച സേവ്യറിന്റ ഭാര്യയും ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കിടന്ന സ്ഥലം സന്ദർശിച്ചശേഷം ഇവർ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഒക്ടോബർ 14ന് രാത്രിയോടെയാണ് സേവ്യറെ കാണാതായത്. തുടർന്ന് പൊലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പൂർണമായും അഴുകി പോയ മൃതദേഹത്തിലെ ഷർട്ട്, ഇയാൾ ധരിച്ചിരുന്ന കൊന്ത എന്നിവ കണ്ടാണ് ഭാര്യയും ബന്ധുക്കളും മൃതദേഹം സേവ്യറുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. പ്രാഥമികമായി പരിശോധനയിൽ മരണത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കൂടാതെ ഡി.എൻ.എ ടെസ്റ്റ്, ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനക്കും അയക്കും.