റാപ്പർ വേടനെ ആറു മണിക്കൂർ ചോദ്യംചെയ്തു; ബുധനാഴ്ച ഹാജരാകാൻ പൊലീസ് നിർദേശം
text_fieldsറാപ്പർ വേടൻ
കാക്കനാട്: യുവഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ റാപ്പർ വേടനെ (ഹിരൺദാസ് മുരളി) പൊലീസ് ആറുമണിക്കൂർ ചോദ്യംചെയ്തു. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് വേടൻ ഹാജരായത്. കേസിൽ മുൻകൂർജാമ്യം അനുവദിച്ച ഹൈകോടതി, സെപ്റ്റംബർ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു.
ചോദ്യംചെയ്യലിനായി ബുധനാഴ്ചയും സ്റ്റേഷനിൽ ഹാജരാകാൻ വേടനോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. സൗഹൃദം നടിച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹവാഗ്ദാനം നൽകി രണ്ടുവർഷത്തിനിടെ അഞ്ചുതവണ ലൈംഗികമായി പീഡിപ്പിക്കുകയും പാട്ട് പുറത്തിറക്കാനെന്ന പേരിൽ 31,000 രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് ആരോപണം.
2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് വരെ പീഡിപ്പിച്ചെന്നാണ് യുവഡോക്ടറുടെ പരാതി. വേടനുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും താൻ മാനസികമായി തകർന്നെന്നും പരാതിയിൽ പറയുന്നു.
താനും പരാതിക്കാരിയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നുവെന്നും പരസ്പരസമ്മതത്തോടെ പലയിടങ്ങളിലായി ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും വേടൻ മൊഴി നൽകി. എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത മറ്റൊരു കേസിലും വേടന് പ്രതിയാണെങ്കിലും ഈ കേസിലെ പരാതിക്കാരി ഇതുവരെ മൊഴി നല്കാത്തതിനാല് തുടര്‍നടപടികള്‍ വൈകുകയാണ്.
അന്വേഷണവുമായി സഹകരിക്കുമെന്ന് ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ വേടൻ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ പരിഗണനയിലായതിനാൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും പറയാൻ കഴിയില്ല. താൻ ഇവിടെത്തന്നെയുണ്ട്. എവിടെയും പോകുന്നില്ലെന്നും മാധ്യമങ്ങളെ കാണുമെന്നും വേടൻ പറഞ്ഞു. ഹൈകോടതി മുൻകൂർജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ബുധനാഴ്ചത്തെ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

