ബംഗളൂരു ജയിലിൽ 20 സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രതിയടക്കമുള്ള കൊടുംകുറ്റവാളികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, ടി.വി കാണുന്നു
text_fieldsബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ വൻ സുരക്ഷ വീഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത്. ജയിലിലെ കൊടുംകുറ്റവാളികൾക്ക് പ്രത്യേക പരിഗണന നൽകുന്ന വിവരമാണ് പുറത്തായത്.
ബലാത്സംഗത്തിനടക്കം ശിക്ഷിക്കപ്പെട്ട പ്രതികൾ ജയിലിൽ നിരന്തരം മൊബൈൽ ഉപയോഗിക്കുന്നതിന്റെയും ടെലിവിഷൻ കാണുന്നതിന്റെയും വിഡിയോ ആണ് പുറത്തുവന്നത്.
20 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അതിൽ 18 പേരെ കൊലപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഉമേഷ് റെഡ്ഡിയുൾപ്പെടെയാണ് ജയിലിൽ സുഖലോലുപതയിൽ കഴിയുന്നത്. 1996നും 2022നുമിടയിലാണ് ഈ സംഭവങ്ങൾ നടന്നത്. ഇയാൾ ജയിലിൽ രണ്ട് ആൻഡ്രോയ്ഡ് ഫോണുകളും ഒരു കീപാഡ് ഫോണും ആണ് ഉപയോഗിക്കുന്നത്. ജയിൽ അധികൃതർക്ക് ഇതെ കുറിച്ച് അറിവുമുണ്ട്. ഇയാൾ ഇരിക്കുന്നതിന്റെ തൊട്ടുപിന്നിൽ ഒരു ടി.വി സെറ്റുമുണ്ട്.
റെഡ്ഡിയുടെ വധശിക്ഷ 2022ൽ സുപ്രീംകോടതി 30 വർഷം തടവായി ഇളവ് ചെയ്തിരുന്നു. ആദ്യം വധശിക്ഷക്കാണ് റെഡ്ഡിയെ ശിക്ഷിച്ചിരുന്നത്. പിന്നീട് മാനോരോഗിയാണെന്ന് കാണിച്ച് ശിക്ഷ ഇളവിന് അപേക്ഷ നൽകി. എന്നാൽ മെഡിക്കൽ പരിശോധനയിൽ ഒരുതരത്തിലുള്ള മാനസിക പ്രശ്നങ്ങളും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വിഡിയോയിൽ കാണുന്ന തരുൺ രാജുവിനെ സ്വർണക്കടത്ത് കേസിലാണ് അറസ്റ്റ് ചെയ്തത്. അയാൾ ജയിലിൽ ഫോൺ ഉപയോഗിക്കുന്നതും പാചകം ചെയ്യുന്നതും വിഡിയോയിൽ കാണാം. ജനീവയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് തരുൺ അറസ്റ്റിലായത്. നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിന്റെ മുഖ്യആസൂത്രകൻ തരുൺ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജയിലിൽ പ്രതികൾക്ക് പ്രത്യേക പരിഗണന നൽകുന്ന സംഭവത്തിൽ നടപടിയെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

