12കാരിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കി; മാതൃപിതാവ് അടക്കം മൂന്നുപേർ പിടിയിൽ
text_fieldsജയ്പൂർ: 12കാരിയെ മാസങ്ങളോളം ബലാൽസംഗം ചെയ്ത കേസിൽ മാതൃപിതാവ് അടക്കം മൂന്ന് പേർ പിടിയിൽ. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം.
തിങ്കളാഴ്ച സ്കൂളിൽ പരീക്ഷയെഴുതുന്നതിനിടെ കുഴഞ്ഞുവീണ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയുമായിരുന്നു. ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 70കാരനായ മാതൃപിതാവ് ഉൾപ്പെടെ മൂന്ന് പേർ പിടിയിലായത്.
പിതാവ് മരണപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി 10 വർഷമായി മാനസിക വൈകല്യമുള്ള മാതാവിനോടൊപ്പം മാതൃപിതാവിന്‍റെ കൂടെയാണ് താമസം. മദ്യത്തിന് അടിമപ്പെട്ട മാതൃപിതാവും അയാളുടെ സുഹൃത്ത് രാംലാൽ ഭീലും (50) കുറച്ചുമാസങ്ങളായി പെൺകുട്ടിയെ ബലാൽസംഗം ചെയ്യാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇടക്ക് രാംലാൽ പെൺകുട്ടിയുടെ മുത്തച്ഛന് 500 രൂപ കൊടുക്കുമായിരുന്നെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ആറു മാസത്തിനിടെ അജയ് ഭൈർവ (20) എന്ന യുവാവും പലതവണ പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയും വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിൽ പെൺകുട്ടിയുടെ മുത്തച്ഛനും മറ്റ് രണ്ട് പ്രതികൾക്കുമെതിരെ ഐ.പി.സി, പോക്‌സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വ്യാഴാഴ്ച ബുണ്ടിയിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുവെന്നും എസ്.എച്ച്.ഒ ദിഗ്വിജയ് സിങ് പറഞ്ഞു. പെൺകുട്ടി ചികിത്സയിലാണെന്നും ഗർഭച്ഛിദ്രത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു