പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് കഠിന തടവും പിഴയും
text_fieldsപ്രതീകാത്മക ചിത്രം
കാട്ടാക്കട: പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെപീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവ പിഴയും. പാപ്പനംകോട് എസ്റ്റേറ്റ് വാർഡിൽ സത്യൻനഗർ വെട്ടിക്കുഴി പേരേക്കോണം മനാ മഹലിൽ മുജീബ് റഹ്മാനെയാണ് (43) 14 വർഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറ്മാസം അധികതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു.
2015 ജൂലൈ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ടുവന്ന പെൺകുട്ടിയെ സമീപത്ത് താമസിച്ചിരുന്ന പ്രതി ആഹാരം നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയുമായിരുന്നു. പുറത്തുപറഞ്ഞാൽ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാണാനിടയായ പ്രതിയുടെ ഭാര്യ പെൺകുട്ടിയുടെ മാതാവിനെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്ന് മാതാവ് കാട്ടാക്കട പൊലീസിൽ പരാതി നൽകി. പൊലീസ് ഇൻസ്പെക്ടറായിരുന്ന വി.കെ. വിജയരാഘവനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി.

