പീഡനം: പ്രതിക്ക് 25 വർഷവും ഇരയുടെ മാതാവിന് 14 വർഷവും തടവ്
text_fieldsമംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിക്ക് കോടതിവിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഒത്താശ നല്‍കിയതിന് പെണ്‍കുട്ടിയുടെ അമ്മക്ക് 14 വര്‍ഷം കഠിനതടവ് അനുഭവിക്കണം.
കോട്ടേക്കര്‍ സ്വദേശി ഡെര്‍വിന്‍ ഡിസൂസ, പെണ്‍കുട്ടിയുടെ അമ്മ എന്നിവരെയാണ് മംഗളൂരു പോക്സോ കോടതി ശിക്ഷിച്ചത്. കേസിലെ മൂന്നാംപ്രതി കല്ലാപ്പൂര്‍ സ്വദേശി മെല്‍വിന്‍ ഡിസൂസക്ക് ആറ്മാസം തടവ് ശിക്ഷ വിധിച്ചു. ഡെര്‍വിന്‍ ഡിസൂസക്ക് പോക്‌സോ വകുപ്പ് പ്രകാരം 15 വര്‍ഷം തടവും 50,000 രൂപ പിഴയും ഐ.പി.സി 366 പ്രകാരം ഏഴു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും പോക്‌സോ 17 പ്രകാരം രണ്ടു വര്‍ഷം കഠിനതടവുമാണ് ജഡ്ജി കെ എം രാധാകൃഷ്ണ വിധിച്ചത്. ഡെര്‍വിന്‍ ഡിസൂസക്ക് പീഡനത്തിന് ഒത്താശ നല്‍കിയതിന് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പോക്‌സോ പ്രകാരം 14 വര്‍ഷം കഠിന തടവും 25,000 രൂപയും ശിക്ഷ വിധിക്കുകയായിരുന്നു. മൂന്നാം പ്രതിയായ മെല്‍വിന്‍ ഡിസൂസക്ക് പോക്‌സോ വകുപ്പ് പ്രകാരം ആറ് മാസം തടവും 30,000 രൂപ പിഴയുമാണ് വിധിച്ചത്. ഇരയായ പെണ്‍കുട്ടിക്ക് അഞ്ച് ലക്ഷം രൂപ നല്‍കാനും ജഡ്ജി ഉത്തരവിട്ടു. ഇതില്‍ ഒരു ലക്ഷം രൂപ ഉടനടി നല്‍കുകയും ബാക്കി നാല് ലക്ഷം രൂപ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യണമെന്നും പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം തുടരാനും ആവശ്യാനുസരണം പണം പിന്‍വലിക്കാനും അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2016ല്‍ നഗരത്തിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ഉള്ളാള്‍ പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ സാവിത്ര തേജയും കെ ആര്‍ ഗോപീകൃഷ്ണയുമാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വെങ്കിട്ടരമണ സ്വാമി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

