Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

14കാരിയെ പീഡിപ്പിച്ചു; വളർത്തച്ഛന് 51 വർഷം കഠിന തടവ്

text_fields
bookmark_border
14കാരിയെ പീഡിപ്പിച്ചു; വളർത്തച്ഛന് 51 വർഷം കഠിന തടവ്
cancel

തലശ്ശേരി: പതിനാലുകാരിയെയും സഹോദരിയെയും ഫോസ്റ്റര്‍ കെയര്‍ സംരക്ഷണയിലിരിക്കെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 51 വര്‍ഷം കഠിനതടവും 1,19,000 രൂപ പിഴയും. കൂത്തുപറമ്പ് മാങ്ങാട്ടിടം കണ്ടംകുന്ന് ചെമ്മനപ്പറമ്പില്‍ വീട്ടിൽ സി.ജി. ശശികുമാറിനെയാണ് (66) തലശ്ശേരി അതിവേഗ കോടതി (പോക്‌സോ) ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്.

കേസിലെ രണ്ടാം പ്രതിയും ശശികുമാറിന്റെ ഭാര്യയുമായ പി.ആര്‍. രത്നകുമാരിയെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. കൂത്തുപറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു പോക്‌സോ കേസുകളിലായാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയായി ലഭിക്കുന്ന തുക അതിജീവതക്ക് നല്‍കാനും ലീഗല്‍ സർവിസ് അതോറിറ്റിയോട് നിര്‍ദേശിച്ചു.

2016ല്‍ എറണാകുളം സി.ഡബ്ല്യു.സിയുടെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടിയെ ഫോസ്റ്റര്‍ കെയര്‍ പ്രകാരം ദത്തെടുത്ത പ്രതികള്‍ സ്വന്തം വീട്ടില്‍ താമസിപ്പിച്ച് കഠിനമായ വീട്ടുജോലികള്‍ എടുപ്പിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. 2016 സെപ്റ്റംബര്‍ 10ന് രത്നകുമാരി ബന്ധുവീട്ടില്‍ പോയ സമയത്ത് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട് ഒന്നാം പ്രതി ശശികുമാർ ക്രൂരമായി ബലാത്സംഗം ചെയ്തു. തുടര്‍ന്ന് മൂന്ന് ദിവസത്തോളം ഇത്തരത്തില്‍ പീഡനം തുടര്‍ന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി.

അലസിപ്പിക്കാന്‍ ഒന്നാം പ്രതിയുടെ നിര്‍ദേശപ്രകാരം രണ്ടാം പ്രതി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഗര്‍ഭച്ഛിദ്രം നടന്നില്ല. തുടര്‍ന്ന് കുട്ടിക്ക് വിശ്രമം നല്‍കാതെ കഠിനമായ ജോലികള്‍ എടുപ്പിക്കുകയും വയറ്റില്‍ വെട്ടുകല്ല് കയറ്റിവെച്ച് രക്തസ്രാവം ഉണ്ടാക്കി ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു.

തെളിവ് നശിപ്പിക്കുന്നതിനായി ആശുപത്രി രേഖകളും മരുന്നിന്റെ കുറിപ്പടികളും നശിപ്പിക്കുകയും ചെയ്തു. പിന്നീട് 2018ല്‍ ഇതേ പ്രതി അതിജീവിതയുടെ സഹോദരിയെയും വീട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. കുട്ടികള്‍ കൗണ്‍സലിങ്ങിലാണ് തങ്ങള്‍ നേരിട്ട ക്രൂരതകള്‍ വെളിപ്പെടുത്തിയത്. മുന്‍ കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ബിനു മോഹന്‍ നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്.

തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍കുമാറും സബ് ഇന്‍സ്പെക്ടര്‍ കെ.ടി. സന്ദീപും അന്വേഷണം പൂര്‍ത്തിയാക്കി 60 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം. ഭാസുരി ഹാജരായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rape case accused sentenced for 51 years
Next Story