സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: പ്രതികൾക്കായി ഊർജിതാന്വേഷണം
text_fieldsകോഴിക്കോട്: സീരിയലിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലെത്തിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതം. തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികളായ രണ്ടുപേർക്കെതിരെ കോട്ടയം സ്വദേശിനിയാണ് പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്തതോടെ യുവാക്കൾ ഒളിവിൽ പോയെന്നാണ് സൂചന. പ്രതികളുടെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തി. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഉൾപ്പെടെ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധന തുടരുകയാണ്.
കണ്ണൂരിൽ പട്ടാളക്കാരന്‍റെ വീട്ടിൽ ജോലി ചെയ്തുവരുകയായിരുന്നു പരാതിക്കാരി. ഇതിനിടെ കണ്ണൂർ സ്വദേശിനിയും ചില സീരിയലുകളിൽ അഭിനയിക്കുകയും ചെയ്ത സ്ത്രീയുമായി പരിചയത്തിലായി. കൂടുതൽ നല്ല അവസരങ്ങൾക്കായി കോഴിക്കോട്ട് താമസിച്ചുവരുന്ന ഇവരാണ് സീരിയലിൽ അഭിനയിക്കാൻ അവസരമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകിയതും പ്രതികളെ പരിചയപ്പെടുത്തിയതും.
കാരപ്പറമ്പിലെ ഫ്ലാറ്റിൽ നിർമാതാവുണ്ടെന്നും ഇവിടേക്ക് എത്തണമെന്നും ആവശ്യപ്പെട്ടതോടെ മാർച്ച് നാലിന് സ്ത്രീയും യുവതിയും എത്തി. എന്നാൽ, ശീതളപാനീയം നൽകിയതിനുപിന്നാലെ ഇരുവരെയും യുവാക്കൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും കുളിമുറിയിൽ കയറി വാതിലടച്ചതിനാൽ താൻ രക്ഷപ്പെട്ടെന്നുമാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. അവശയായ യുവതിയെ കാറിൽ കയറ്റി യുവാക്കൾ അരയിടത്തു പാലത്തിനടുത്ത സ്വകാര്യ ആശുപത്രിക്കുസമീപം ഇറക്കിവിട്ടാണ് കടന്നുകളഞ്ഞത്.
പ്രതികളിലൊരാൾ ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരനാണ്. രണ്ടാമത്തെയാൾ ഇയാളുടെ സുഹൃത്താണ് എന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്. മാത്രമല്ല, പരാതിക്കാരും പ്രതികളും തമ്മിൽ പണത്തെചൊല്ലി തർക്കമുണ്ടായതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചുവരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെ സന്ദേശങ്ങൾ പലതും ഡിലീറ്റാക്കിയതായും മനസ്സിലായിട്ടുണ്ട്. നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

