ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ, റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
text_fieldsതൃശൂർ കൊടുങ്ങല്ലൂരിൽ ആത്മഹത്യാശ്രമം നടത്തിയ യുവതിക്ക് നേരെ പീഡന ശ്രമം. ആംബുലൻസിൽ വെച്ചും ആശുപത്രിയിൽ വെച്ചും യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായാതാണ് പരാതി. ആശുപത്രി ജീവനക്കാരനായ ദയാലാലാണ് ലൈംഗികാതിക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് കയ്പമംഗലം സ്വദേശിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയ്‌ക്കെത്തുന്നത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ കൂടെ ബന്ധുക്കളാരുമുണ്ടായിരുന്നില്ല. യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഇത് മനസ്സിലാക്കി ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിൽ താൽക്കാലിക ജീവനക്കാരനായ ദയാലാൽ യുവതിക്കൊപ്പം ആംബുലൻസിൽ കയറുകയും അർധ അബോധാവസ്ഥയിലായ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് മെഡിക്കൽ കോളജിലെത്തിയ ശേഷവും ലൈംഗികാതിക്രമമുണ്ടായി.
പെൺകുട്ടിയുടെ ബന്ധു എന്ന നിലയിലാണ് ഇയാൾ ആശുപത്രിയിൽ പെരുമാറിയത്. ബോധം തിരികെ വന്ന പെൺകുട്ടി മറ്റ് രോഗികളുടെ ബന്ധുക്കളോടും നഴ്‌സിനോടും പീഡനം നടന്ന വിവരം പറയുകയും ഇവർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതറിഞ്ഞ ഉടൻ ദയാലാൽ ആശുപത്രിയിൽ നിന്ന് സ്ഥലം വിട്ടു. എന്നാൽ കൊടുങ്ങല്ലൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും മെഡിക്കൽ കോളജ് പൊലീസിന് കൈമാറുകയും ചെയ്തു. ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും. സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ടിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരിക്കുകയാണ്.

