ജോലി വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsഅഞ്ചാലുംമൂട്: ജോലി വാഗ്ദാനം നൽകി യുവതിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായി. തൃക്കടവൂർ കുരീപ്പുഴ കല്ലുവിള കിഴക്കതിൽ ജോസ് വില്ലയിൽ ജോസ്ഫ് പോൾ (48) ആണ് പിടിയിലായത്.
എറണാകുളം സ്വദേശിനിയായ യുവതിയെ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അഞ്ചാലുംമൂട് കുരീപ്പുഴയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു. യുവതി ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് യുവതിയെ വനിതാ സ്റ്റേഷനിൽ രാത്രി പാർപ്പിക്കുകയായിരുന്നു.
യുവതിയുടെ പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്റെ നിർദേശാനുസരണം അഞ്ചാലുംമൂട് പൊലീസ് ഇൻസ്പെക്ടർ ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശബ്ന, ജയപ്രകാശ്, എസ്.സി.പി.ഒമാരായ അനൂജ്, രാജി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

