ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ നാലുപേർ അറസ്റ്റിൽ
text_fieldsഎട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ അറസ്റ്റിലായവർ
മംഗളൂരു: മംഗളൂരുവിലെ ഉലൈബെട്ടിനടുത്ത് പരാരിയിലെ ടൈൽസ് ഫാക്ടറി വളപ്പിൽ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളിയ കേസിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ് സിങ് (21), മുകേഷ് സിങ് (20), മുനീഷ് സിങ് (20), മനീഷ് ടിർക്കി (33) എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇവർ നാലുപേരും സുഹൃത്തുക്കളാണ്. പ്രതികളിൽ മൂന്ന് പേർ മധ്യപ്രദേശിലെ പെന്ന ജില്ലക്കാരാണ്. മറ്റൊരാൾ ഝാർഖണ്ഡിലെ റാഞ്ചി സ്വദേശിയുമാണ്.
നവംബർ 21ന് ടൈൽസ് ഫാക്ടറിയുടെ കോമ്പൗണ്ടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന എട്ടു വയസ്സുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളുകയുമായിരുന്നു. കുട്ടിയെ കാണാതായതോടെ ആളുകൾ തിരച്ചിൽ തുടങ്ങിയപ്പോൾ പ്രതികളും അവർക്കൊപ്പം ചേർന്നു. മരണത്തിൽ ഫാക്ടറിയിലെ തൊഴിലാളികൾക്ക് പങ്കുണ്ടെന്ന് അതേ ഫാക്ടറിയിൽ തൊഴിലാളിയായ പിതാവ് പൊലീസിനോട് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. കേസ് അന്വേഷണത്തിന് ഡി.സി.പിമാരായ ഹരിറാം ശങ്കർ, ദിനേശ് കുമാർ, എ.സി.പി രഞ്ജിത് ഭണ്ഡാരു, രവീഷ് നായക് എന്നിവർ നേതൃത്വം നൽകി.