ലൈംഗികാതിക്രമം: 12 വർഷം തടവും ഒന്നര ലക്ഷം പിഴയും
text_fieldsജോർജ്
പട്ടാമ്പി: പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം കാണിച്ച മധ്യവയസ്കന് 12 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് കുമ്പളം ചോല പൊറ്റശ്ശേരി ഏതലിൻ വീട്ടിൽ ജോർജിനെയാണ് (സണ്ണി -55) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് മണ്ണാർക്കാട് എസ്.ഐമാരായിരുന്ന കെ. രാമചന്ദ്രൻ, കെ.ആർ. ജസ്റ്റിൻ എന്നിവരാണ്.
13 സാക്ഷികളെ വിചാരണ ചെയ്ത് 17 രേഖകൾ ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു.

