രഞ്ജിത് ശ്രീനിവാസൻ വധം: 15 പ്രതികളെ നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്
text_fieldsമാവേലിക്കര: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴ മുനിസിപ്പൽ ഓഫിസ് വാർഡിൽ കുന്നുംപുറത്ത് അഡ്വ. രഞ്ജിത് ശ്രീനിവാസനെ (41) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 15 പ്രതികളെ വിചാരണ നടക്കുന്ന മാവേലിക്കര അഡീഷനൽ സെഷൻസ് കോടതിയിൽ(ഒന്ന്) ഡിസംബർ അഞ്ചിന് ഹാജരാക്കാൻ ഉത്തരവ്. എറണാകുളം ജില്ല ജയിലിലും എറണാകുളം, ആലുവ സബ്ജയിലുകളിലുമായി കഴിയുന്ന പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ ഹാജരാക്കാനാണ് ജഡ്ജി വി.ജി. ശ്രീദേവി ജയിൽ സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയത്.
കേസിന്റെ വിചാരണ ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി രണ്ടിൽനിന്ന് ജില്ലക്ക് പുറത്തുള്ള കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജില്ലയിൽത്തന്നെ മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ഒന്നിലേക്കു മാറ്റി ഉത്തരവിട്ടു. പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി നിർദേശം ശരിവെക്കുകയായിരുന്നു. വ്യാഴാഴ്ച കുറ്റപത്രം വായിക്കാൻ തീരുമാനിച്ചെങ്കിലും പ്രതികൾക്കായി അഭിഭാഷകൻ ഹാജരായിരുന്നില്ല. വിഡിയോ കോൺഫറൻസ് മുഖേന ഹാജരായ പ്രതികൾ ജീവനു ഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചു. തുടർന്ന് കുറ്റപത്രം പ്രതികളെ വായിച്ചുകേൾപ്പിക്കാൻ കേസ് ഡിസംബർ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കലാണ് കോടതിയിൽ ഹാജരായത്. 2021 ഡിസംബർ 19നാണ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.

