രാമപുരം കൊലപാതകം: പ്രതിയെ മമ്പാട്ടെത്തിച്ച് തെളിവെടുത്തു
text_fieldsരാമപുരം ആയിഷ കൊലക്കേസിലെ പ്രതിയെ മമ്പാട്ട് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ
മങ്കട: രാമപുരത്ത് ഒറ്റക്ക് താമസിച്ചിരുന്ന വയോധികയായ ആയിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പേരമകളുടെ ഭര്‍ത്താവുമായ മമ്പാട് സ്വദേശി നിഷാദ് അലിയെ മമ്പാട്ടെത്തിച്ച് തെളിവെടുത്തു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിെൻറ ഭാഗമായാണ് മമ്പാട് ടൗണിലെ ദോഹ സ്ക്വയറിൽ പ്രതിയെ പൊലീസ് കൊണ്ടുപോയത്.
ബൈക്കിെൻറ ടയർ പഞ്ചറായപ്പോൾ നിഷാദ് അത് നന്നാക്കിയ വർക്ക് ഷോപ്പിലെ ജീവനക്കാരൻ, ബന്ധുക്കൾ, സമീപത്തെ വ്യാപാരികൾ ഉൾപ്പെടെ 17ഓളം പേരിൽനിന്ന് മൊഴിയെടുത്തു. മങ്കട എസ്.ഐ അബ്ദുൽ ലത്തീഫിെൻറ നേതൃത്വത്തിലാണ് നിഷാദിനെ കൊണ്ടുപോയത്. ഫോറൻസിക് വിഭാഗവും ഒപ്പമുണ്ടായിരുന്നു.
പ്രതിയെ കാണാൻ വലിയ ജനക്കൂട്ടമാണ് തടിച്ച് കൂടിയത്. കവര്‍ച്ച ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയത്. ജൂലൈ 16നാണ് ആയിഷയെ വീട്ടിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. പൊലീസിെൻറ അന്വേഷണം തന്നിലേക്ക് നീണ്ടതോടെ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു. എം.എസ്സി കമ്പ്യൂട്ടർ സയന്‍സ് ബിരുദധാരിയായ നിഷാദ് അലി ഹയർ സെക്കൻഡറി ഐ.ടി അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.