രമാദേവി കൊലക്കേസ്: 17 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിലാകുന്നത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ
text_fieldsകഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ. 2006 മേയ് 26നു വൈകിട്ടാണ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി.ആർ.ജനാർദനൻ നായരുടെ ഭാര്യ രമാദേവിയെ (50) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ റിട്ട. പോസ്റ്റ്മാസ്റ്റർ കൂടിയായ ഭർത്താവ് ജനാര്‍ദനനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. രമാദേവിയുടെ കൈയ്യില്‍ കണ്ട മുടിയിഴകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എന്നാൽ, ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇവരുടെ വീടിനോടു ചേർന്നു കെട്ടിടനിർമാണം നടത്തിവന്ന തമിഴ്നാട് തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു.
എന്നാൽ, തമിഴ്‌നാട് സ്വദേശിയായ ചുടലമുത്തുവിനെ കൊല നടന്ന ദിവസം മുതൽ കാണാതായതിനാൽ അന്വേഷണം ആ വഴിക്കു തിരിഞ്ഞു. ഇയാളെയും ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം സ്ത്രീയെ തെങ്കാശിയിൽ വച്ച് കണ്ടെത്തി. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ സുനിൽ രാജ് അറസ്റ്റ് ചെയ്തത്.
ഊണു മുറിയിലാണ് ദുരൂഹസാഹചര്യത്തിൽ രമാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. കൊടുവാളുപോലെ ചുണ്ടുള്ളതും മൂർച്ചയേറിയതുമായ ആയുധമാണു കൊലപാതകത്തിന് ഉപയോഗിച്ചതെന്നു പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ലോക്കൽ പൊലീസ് അന്വേഷണം നടത്തി ഫലമില്ലാതെ വന്നപ്പോൾ ഭർത്താവ് ജനാർദനൻ നായർ ഹൈകോടതിയെ സമീപിച്ചിരുന്നു. പത്തനംതിട്ട ആൻഡ് കൊല്ലം ക്രൈം ബ്രാഞ്ച് എസ്പിയായ എൻ. രാജന്റെ നിർദേശാനുസരണം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ആർ. പ്രതീകിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

