വിവാഹദിനം യുവതിക്ക് വരന്റെ ബന്ധുക്കളുടെ കന്യകാത്വ പരിശോധന; പരാജയപ്പെട്ടതിനാൽ യുവതി 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കാപ് പഞ്ചായത്ത്
text_fieldsവിവാഹം കഴിഞ്ഞ് ഭർതൃഗൃഹത്തിലെത്തിയ നവവധുവിനെ വരന്റെ കുടുംബം 'കന്യകാത്വ പരിശോധന' നടത്തി. പരിശോധനയിൽ പെൺകുട്ടി പരാജയപ്പെട്ടതായി ആരോപിച്ച് വരന്റെ ബന്ധുക്കൾ യുവതിയെ മർദിച്ചു. ശേഷം, 10 ലക്ഷം രൂപ യുവതിയുടെ കുടുംബം വരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കാപ്പ് പഞ്ചായത്ത് വിധിച്ചു.
രാജസ്ഥാനിലെ ഭിൽവാരയിൽ കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. 24 വയസ്സുള്ള യുവതിയാണ് ക്രൂരമായ ആചാരത്തിന്റെ ഇരയായത്. രാജസ്ഥാനിലെ ചില വിഭാഗങ്ങളിൽ നിലനിൽക്കുന്ന ക്രൂരമായ സാമൂഹിക ആചാരമാണ് 'കുക്കടി പ്രത' എന്ന കന്യകാത്വ പരിശോധനയെന്ന് പൊലീസ് പറഞ്ഞു. യുവതി പരാതി നൽകിയിതിനെ തുടർന്ന് വരനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഭർതൃഗൃഹത്തിലെത്തിയ ദിവസം ഉച്ചയോടെയായിരുന്നു ക്രൂരമായ ആചാരങ്ങളെന്ന് യുവതി പറഞ്ഞു. പിന്നീട് രാത്രി വൈകും വരെ ചർച്ചകളും ബഹളങ്ങളുമായിരുന്നു. തുടർന്ന് വരനും ബന്ധുക്കളും ചേർന്ന് മർദനം തുടങ്ങിയെന്നും യുവതി പറഞ്ഞു.
വിവാഹത്തിന് മുൻപ് അയൽവാസി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാൾക്കെതിരെ സുഭാഷ് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും യുവതി വരന്റെ ബന്ധുക്കളോട് പറഞ്ഞു. അതോടെ മർദനം കൂടി. പിന്നീട് ഒന്നും പറയാൻ പോലുമാകാത്ത വിധം ഭയന്നുപോയെന്നും യുവതി പറഞ്ഞു.
തുടർന്ന് പ്രദേശത്തെ ക്ഷേത്രത്തിൽ കൂടിയ കാപ് പഞ്ചായത്ത് യുവതിയുടെ കുടുംബം പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

