Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാതി തടസമായി, വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട യുവതിയെ കാമുകനും കുടുംബവും കൊന്നു; നാലുപേർക്ക് ജീവപര്യന്തം തടവും പിഴവും

text_fields
bookmark_border
Rajasthan murder case
cancel

ജയ്പൂർ: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ ജാതി വ്യത്യാസത്തിന്റെ പേരിൽ കൊലപ്പെടുത്തിയ കേസിൽ നാല് പേർക്ക് ജീവപര്യന്തം തടവ്. രാജസ്ഥാനിലെ ടോങ്കിലെ പ്രത്യേക എസ്.സി/എസ്.ടി കോടതിയുടേതാണ് വിധി. 25കാരിയായ സുമനെ കൊലപ്പെടുത്തിയ കേസിലാണ് ഒരു സ്ത്രീയെയും അവരുടെ രണ്ട് ആൺമക്കളെയും മകളെയും കോടതി ജീവപര്യന്തം ശിക്ഷിച്ചത്. നാലുപേർക്കുമായി 1.35 ലക്ഷം രൂപ പിഴയും വിധിച്ചു.

ജയ്പൂർ സ്വദേശികളായ സുമനും പ്രതികളിലൊരാളായ പ്രധാനും തമ്മിൽ പ്രണയത്തിലായിരുന്നു. ബന്ധം തുടരുന്നതിനിടെ സുമൻ, പ്രധാനോട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇരുവരും വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ പ്രധാൻ വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ തുടങ്ങി. തുടർന്ന് സുമനെ ഒഴിവാക്കുന്നതിനായി പ്രധാൻ, അമ്മ സഞ്ജന, സഹോദരൻ സവായ് റാം, സഹോദരി സുശീല എന്നിവരുമായി ചേർന്ന് കൊലപാതകത്തിന് പദ്ധതിയിട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

2022ലാണ് കേസിനാസ്പദമായ സംഭവം. ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാനെന്ന പേരിൽ സുമനെ കുടുംബം ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തി. ഗ്രാമത്തിലെത്തിയ സുമനെ വിഷ രാസവസ്തു നൽകി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുമന്റെ മരണകാരണം പാമ്പുകടിച്ചാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

സുമന് സുഖമില്ലാതായി, മൂന്ന് ദിവസത്തിന് ശേഷമാണ് പ്രധാൻ സുമന്റെ സഹോദരനെ വിളിച്ച് അജ്മീറിലേക്ക് വരാൻ ആവശ്യപ്പെട്ടത്. അപ്പോഴേക്കും സുമൻ മരിച്ചിരുന്നു. പാമ്പുകടിയേറ്റാണ് സുമൻ മരിച്ചതെന്ന് കരുതി കുടുംബം അന്ത്യകർമങ്ങൾ നടത്തി. എന്നാൽ, പോസ്റ്റ്മോർട്ടം റി​പ്പോർട്ടിൽ പാമ്പുകടിയല്ല, വിഷ രാസവസ്തു കഴിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്ന് അന്വേഷണം പ്രധാൻ ഉൾപ്പെടെയുള്ളവരിലേക്ക് നീങ്ങി. സുമന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് അവരുടെ അക്കൗണ്ടിൽനിന്ന് ഏകദേശം 80,000 രൂപ പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ കേസിൽ കൂടുതൽ സംശയങ്ങൾ ഉയർന്നു.

സുമന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2023 മേയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിനിടെ സുമനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. 27 സാക്ഷികളുടെ മൊഴികളും 37 രേഖകളും പരിശോധിച്ച ശേഷമാണ് പ്രത്യേക എസ്.സി./എസ്.ടി കോടതി ജഡ്ജി ആർതി മഹേശ്വരി വിധി പ്രസ്താവിച്ചത്.

കേസിലെ പ്രതികളായ സഞ്ജനയും മകൻ സവായ് റാമും മറ്റൊരു കൊലപാതകക്കേസിലും ആരോപണം നേരിടുന്നുണ്ട്. സഞ്ജനയുടെ ഭർത്താവ് ജഗദീഷിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഇരുവരും ജയ്പൂരിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajasthan Family Gets Life Term murdering sons girlfriend
Next Story