'ആയിരക്കണക്കിന് ഒഴിവുകള്‍'; വ്യാജപരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റെയിൽവേ
text_fieldsമലപ്പുറം: 'ഇന്ത്യന്‍ റെയില്‍വേയിൽ 5000ത്തിലേറെ ഒഴിവുകൾ, റെയിൽവേ വിളിക്കുന്നു; ആയിരക്കണക്കിന് അവസരം...' സമൂഹമാധ്യമങ്ങളിലുടെ അടിക്കടി പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിൽ ചിലതാണിത്. ഇവ കണ്ട് അപേക്ഷിക്കാൻ പോകുന്നവരും മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നവരും സന്ദേശം ശരിയോണോയെന്ന് പരിശോധിക്കാറില്ല. 'റെയില്‍വേയില്‍ എട്ട് വിഭാഗങ്ങളിലായി 5000ത്തിലേറെ ഒഴിവുകള്‍' എന്നാണ് കൂടുതലായി ഷെയർ ചെയ്ത ഒരു വ്യാജപരസ്യം. റിക്രൂട്ട്മെന്റ് നടത്താന്‍ ഏജന്‍സിയെ റെയില്‍വേ നിയോഗിച്ചിരിക്കുന്നെന്നും കരാർ നിയമനമാണെന്നും പരസ്യത്തിൽ പറയുന്നു. സമാന രീതിയിലുള്ള നിരവധി നിയമന പരസ്യങ്ങളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.
ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടാനുള്ള ശ്രമങ്ങളും പലഭാഗത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംശയ നിവാരണത്തിനായി റെയിൽവേയുമായി ബന്ധപ്പെടുമ്പോഴാണ് ഭൂരിഭാഗവും വ്യാജ സന്ദേശങ്ങളും തട്ടിപ്പുകളുമാണെന്ന് വ്യക്തമാകുന്നത്. അടുത്തിടെ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ച പരസ്യങ്ങൾ വ്യാജമാണെന്ന് മുന്നറിയിപ്പ് നൽകി റെയില്‍വേ തന്നെ രംഗത്തുവന്നു. ജോലി വാഗ്ദാനം ചെയ്യുന്ന അനധികൃത പരസ്യങ്ങളിലും തൊഴില്‍ തട്ടിപ്പുകളിലും ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന് ദക്ഷിണ റെയില്‍വേ അധികൃതർ അറിയിച്ചു.
ഇന്ത്യന്‍ റെയില്‍വേയിലെ റിക്രൂട്ട്മെന്റ് പ്രക്രിയ ആര്.ആര്.ബി, ആര്.ആര്.സി വഴി മാത്രമാണെന്ന് അധികൃതര്‍ പറഞ്ഞു. ഗ്രൂപ് സി, ഗ്രൂപ് ഡി തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നിലവില്‍ 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളും (ആര്.ആര്.ബി) 16 റെയില്‍വേ റിക്രൂട്ട്മെന്റ് സെല്ലും (ആര്.ആര്.സി) മാത്രമാണ് നടത്തുന്നത്. സെന്‍ട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിഫിക്കേഷനുകള്‍ (സി.ഇ.എന്‍) പുറപ്പെടുവിച്ച ശേഷം ഒഴിവുകള്‍ നികത്തുകയും വ്യാപക പ്രചാരണം നല്‍കുകയും ചെയ്യും. രാജ്യത്തുടനീളമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കും. എംപ്ലോയ്മെന്റ് ന്യൂസ്, റോസ്ഗര് സമാചാര്‍ വഴിയാണ് സി.ഇ.എന്‍ പ്രസിദ്ധീകരിക്കുന്നത്. അറിയിപ്പുകള് ആര്.ആര്.ബികളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിച്ച് ഉറപ്പുവരുത്താം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിനെ (ആര്.ആര്.ബി) സംബന്ധിച്ച അറിയിപ്പുകള്‍ക്കും വിവരങ്ങള്‍ക്കുമായി ഉദ്യോഗാര്‍ഥികള്‍ ആര്.ആര്.ബികളുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം ആശ്രയിക്കണമെന്നും റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

