ഭർത്താവിനെ വഴിതെറ്റിക്കുന്നയാളെ കൈകാര്യം ചെയ്യാൻ ഭാര്യയുടെ ക്വേട്ടഷൻ
text_fieldsപയ്യന്നൂർ: കരാറുകാരനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ച നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ. രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി. സുധീഷ് (39) എന്നിവരെയാണ് പരിയാരം മെഡിക്കൽ കോളജ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.വി. ബാബു അറസ്റ്റ് ചെയ്തത്. ശ്രീസ്ഥയിലെ സുരേഷ് ബാബുവിനെ (52) വധിക്കാൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്.
ക്വട്ടേഷൻ നൽകിയ കണ്ണൂർ കേരള ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥ സീമ ഒളിവിലാണ്. ഇവർ കോട്ടയം ഭാഗത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സീമയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരുസ്ത്രീ ക്വട്ടേഷൻ നൽകിയ സംഭവം അപൂർവമാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം:
''സംഭവം നടന്ന ഏപ്രിൽ 18ന് രണ്ടുമാസം മുമ്പാണ് കണ്ണൂർ പടന്നപ്പാലത്ത് ഫ്ലാറ്റിൽ താമസിക്കുന്ന സീമ രതീഷുമായി ബന്ധപ്പെടുന്നത്. നേരത്തെ മെഡിക്കൽ കോളജിന് സമീപത്തെ നീതി മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്തിരുന്ന സമയത്ത് രതീഷുമായി പരിചയമുണ്ടായിരുന്ന സീമ, തെൻറ ഭർത്താവിനെ സുരേഷ് ബാബു വഴിതെറ്റിക്കുകയാണെന്നും കടം വാങ്ങിയ പണം തിരികെ തരാതെ വഞ്ചിക്കുകയാണെന്നും ഇയാളെ കൈകാര്യം ചെയ്യാൻ പറ്റിയയാളുണ്ടോെയന്നും ചോദിച്ചു. തുടർന്ന് രതീഷ് ക്വട്ടേഷൻ ഏറ്റെടുക്കുകയും ജിഷ്ണു, അഭിലാഷ് എന്നിവരുമായി ബന്ധപ്പെട്ട് കൃത്യം നടപ്പാക്കാൻ തീരുമാനിക്കുകയുമായിരുന്നു.
മൂവരും കണ്ണൂരിൽ സീമ ജോലിചെയ്യുന്ന ബാങ്ക് ശാഖയിലെത്തി നേരിൽ കാണുകയും കൃത്യം നടത്തിയാൽ മൂന്നുലക്ഷം രൂപ നൽകാമെന്ന കരാർ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, അഡ്വാൻസ് നൽകാൻ തയാറായില്ല. പിന്നീട് മറ്റൊരു ദിവസം സീമയെ കാണാനെത്തിയ മൂവരും കണ്ണൂർ സ്റ്റേഡിയം കോർണറിലെ ഐസ് ക്രീം പാർലറിൽ സന്ധിക്കുകയും സീമ 10,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്തു. ഇതിന് ശേഷം പ്രതികൾ ബൈക്കിൽ സുരേഷ് ബാബുവിനെ നിരന്തരം പിന്തുടർന്നുവെങ്കിലും കൂടെ മറ്റാളുകൾ ഉണ്ടായിരുന്നതിനാൽ കൃത്യം നടപ്പാക്കാൻ സാധിച്ചില്ല. പ്രതികൾ കൃത്യം നടത്താൻ ഇന്നോവ കാർ വാടകക്ക് എടുത്തുവെങ്കിലും അത് അപകടത്തിൽ പെട്ടതിനാൽ തിരിച്ചുകൊടുക്കേണ്ടിവന്നു.
ഈ സമയത്താണ് ഇവർ പരിചയക്കാരനായ നീലേശ്വരം പള്ളിക്കരയിലെ സുധീഷുമായി ബന്ധപ്പെട്ടത്. സംഭവം നടന്ന 18ന് വൈകീട്ട് തന്നെ കാറുമായി നെരുവമ്പ്രത്ത് എത്തിയ സുധീഷ് പ്രതികളെയും കയറ്റി കാറുമായി ആയുർവേദ കോളജ് പരിസരത്ത് കറങ്ങി. രാത്രി എേട്ടാടെ റോഡിലൂടെ പോയപ്പോൾ സുരേഷ് ബാബു ഒറ്റക്ക് വീട്ടുവരാന്തയിൽ ഇരിക്കുന്നത് കണ്ടു. തുടർന്ന് കാർ സുരേഷ് ബാബുവിെൻറ വീട്ടുപരിസരത്ത് നിർത്തിയശേഷം സുധീഷും ജിഷ്ണുവുമാണ് ആക്രമണം നടത്താൻ പോയത്. ജിഷ്ണുവാണ് വെട്ടിയത്. സുരേഷ് ബാബുവിെൻറ നിലവിളി കേട്ട് ബന്ധുക്കളും അയൽക്കാരും എത്തുമ്പോഴേക്കും ആക്രമികൾ കാറിൽ രക്ഷപ്പെട്ടു. അഭിലാഷും രതീഷും കാറിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ല. പ്രതികൾ ശ്രീസ്ഥ ഭാസ്കരൻ പീടികയിലെത്തി വെട്ടാനുപയോഗിച്ച വടിവാൾ രാമപുരം പുഴയിൽ ഉപേക്ഷിച്ചു. ഇത് തളിപ്പറമ്പിലെ കടയിൽനിന്നാണ് വാങ്ങിയത്.
കൃത്യത്തിന് ശേഷം സുധീഷ് കാറിൽ നീലേശ്വരത്തേക്ക് തിരിച്ചുപോയി. പിറ്റേന്ന് രാവിലെ രതീഷും അഭിലാഷും ബൈക്കിൽ സുരേഷ് ബാബുവിെൻറ വീട്ടിലെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. അന്വേഷണസംഘത്തിൽ പരിയാരം എസ്.ഐ കെ.വി. സതീശൻ, എസ്.ഐ ദിനേശൻ, എ.എസ്.ഐമാരായ നൗഫൽ അഞ്ചില്ലത്ത്, നികേഷ്, സി.പി.ഒമാരായ കെ.വി. മനോജ്, വി.വി. മഹേഷ് എന്നിവരും ഉണ്ടായിരുന്നു.
റോഡിൽ സാധിക്കാതെ വന്നപ്പോൾ വീട്ടിൽ കയറി വെട്ടി
പയ്യന്നൂർ: അതിയടത്തെ കെട്ടിടം കരാറുകാരൻ പി.വി. സുരേഷ് ബാബുവിനെ വീട്ടിൽ കയറി വെട്ടിയ സംഭവം ഗ്രാമീണമേഖലയിൽ ആദ്യത്തേത്. ഒരു സ്ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്നത് അപൂർവമാണെന്ന് പൊലീസ് പറയുന്നു. നിരവധി തവണ പ്രതികൾ സുരേഷ് ബാബുവിനെ നിരീക്ഷിച്ച ശേഷമാണ് കൃത്യം നടപ്പാക്കിയത്. റോഡിൽ വെച്ച് സാധിക്കാതെ വന്നപ്പോഴാണ് വീട്ടിൽ കയറി വെട്ടിയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.
ഏപ്രിൽ 18ന് രാത്രി എട്ടരയോടെയാണ് വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന സുരേഷ് ബാബുവിനെ വടിവാൾ ഉപയോഗിച്ച് വെട്ടിയത്. മൂന്നു ലക്ഷം രൂപക്കായിരുന്നു ക്വട്ടേഷൻ. കരാറുകാരൻ സുരേഷ് ബാബുവിെൻറ വലതുകാൽ പാദം അറ്റുപോവാറായ നിലയിലായിരുന്നു.
ഇയാൾ ആദ്യം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പ്രതികളിൽ അഭിലാഷും ജിഷ്ണുവും നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ കൊല പ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലുണ്ടായതായും ചിലർക്ക് ബി.ജെ.പിയുമായി ബന്ധമുള്ളതായും പരിയാരം സ്റ്റേഷൻ ഓഫിസർ കെ.വി. ബാബു 'മാധ്യമ'ത്തോട് പറഞ്ഞു. ഏഴോം പഞ്ചായത്തംഗമായിരുന്ന എ. സുധാജിനെ ചിക്കമഗളൂരുവിൽ ആക്രമിക്കുന്നതിന് ഒത്താശ നൽകിയതിലും ചിലർക്കു പങ്കുള്ളതായി പറയുന്നു.
പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സി.പി.എം മാടായി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ചെറുതാഴത്ത് കരുതിക്കൂട്ടി ആക്രമണം നടത്തി പ്രകോപനം ഉണ്ടാക്കുകയാണ് ഇവരുടെ ഉദ്ദേശ്യം. ഇത്തരക്കാരെ തിരിച്ചറിയണമെന്നും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.