പൊലീസിനെ ആക്രമിച്ച ക്വട്ടേഷൻ സംഘത്തെ കീഴ്പ്പെടുത്തിയത് അതിസാഹസികമായി
text_fieldsഅബ്ദുൽ റഹീം, നവീൻ, ഷാഹിദ്, നിതിൻ
കണ്ണൂർ: എടക്കാട് പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. കണ്ണൂർ പൊതുവാച്ചേരി പട്ടരേറ്റിൽ അബ്ദുൽ റഹീം (31), കോഴിക്കോട് കണ്ണംചാലിൽ ഇ.കെ. നിതിൻ, ഒളവണ്ണ അച്ചാരവീട്ടിൽ നവീൻ എന്ന ബോണി (28), മരക്കാർകണ്ടി ബദർ ക്വാർട്ടേഴ്സിൽ ഷാഹിദ് (23) എന്നിവർ അടക്കമുള്ള ആറുപേരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പയ്യന്നൂരിലെ ലോഡ്ജിൽനിന്ന് സാഹസികമായി അറസ്റ്റ് ചെയ്തത്.
വധശ്രമം, കവർച്ച, ലഹരിമരുന്ന് അടക്കം നിരവധി കേസുകളിലെ പ്രതികളായ വൻ ക്വട്ടേഷൻ സംഘമാണ് പിടിയിലായത്. അബ്ദുൽ റഹീം, നവീൻ, ഷാഹിദ് എന്നിവർ പൊലീസ് കാപ്പ ചുമത്തിയതിനെ തുടർന്ന് ഒളിവിലായിരുന്നു. 20 കേസുകളിൽ പ്രതിയായ അബ്ദുൽ റഹീം നേരത്തേ കാപ്പ ചുമത്തിയതിനെ തുടർന്ന് ആറുമാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ വീട് കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിരുന്നു. നിതിനും നവീനുമെതിരെ കവർച്ച അടക്കം 10 കേസുകൾ നിലവിലുണ്ട്. ഷാഹിദിനെതിരെ ആറുകേസുകളും ഉണ്ട്.
പ്രതികളെ കീഴ്പ്പെടുത്തിയത് അതിസാഹസികമായി
എടക്കാട് ഭാസ്കരൻ പീടികക്ക് സമീപം പൊലീസിനുനേരെ ബീയർകുപ്പി എറിയുകയും വടിവാൾ വീശുകയും ചെയ്ത സംഘത്തെ പിടികൂടാനായി ബിനു മോഹന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിരുന്നു. പൊലീസിനെ ആക്രമിച്ച ശേഷം കർണാടകയിലേക്ക് കടന്ന സംഘത്തിന്റെ പിന്നാലെയായിരുന്നു പൊലീസ്. പ്രതികൾ പയ്യന്നൂരിൽ എത്തിയ വിവരം ലഭിച്ചതിനെ തുടർന്നാണ് ശനിയാഴ്ച അന്വേഷണസംഘം സ്ഥലത്തെത്തിയത്. പുലർച്ച മൂന്നോടെ ലോഡ്ജിൽ പൊലീസ് എത്തിയതോടെ അക്രമാസക്തരായ പ്രതികളെ അതിസാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
സംശയാസ്പദമായ രീതിയിൽ കണ്ട കാറിനെ പിന്തുടർന്ന എടക്കാട് പൊലീസിനുനേരെ ജനുവരി എട്ടിന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. പൊലീസ് വാഹനത്തിനുനേരെ ബീർകുപ്പിയെറിഞ്ഞ സംഘം വടിവാളും വീശി. സംഭവത്തിൽ പൊലീസ് ജീപ്പിന്റെ ചില്ലുപൊട്ടുകയും സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമികൾ സഞ്ചരിച്ച കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വാഹനത്തിന് നേരെ വടിവാൾ വീശിയത്. നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് പൊലീസ് ജീപ്പ് റോഡരികിലേക്ക് വെട്ടിക്കുകയായിരുന്നു. ഈ സമയം ആക്രമികൾ രക്ഷപ്പെട്ടു. കർണാടക രജിസ്ട്രേഷൻ കാറിൽ നാലുപേരുണ്ടായിരുന്നു. എടക്കാട് പൊലീസ് സ്റ്റേഷനിലെ ലഹരിക്കേസിലെ പ്രതിയായ അബ്ദുൽ റഹീം സംഘത്തിലുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചതാണ് സംഭവത്തിൽ തുമ്പായത്.
12 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളായ നാലുപേർ അടക്കം ആറുപേരെ ഒരാഴ്ചക്കുള്ളിൽ പിടികൂടാനായത് നേട്ടമായി. ലോഡ്ജിൽ പിടിയിലായ മറ്റുരണ്ടുപേർക്ക് പ്രതികളുമായുള്ള ബന്ധം അന്വേഷിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

