ക്വട്ടേഷൻ ആക്രമണം: പ്രതി പിടിയിൽ
text_fieldsപിടിയിലായ സുരേഷ്കുമാർ
ചേർത്തല: തിരുവല്ല സ്വദേശിയെ തട്ടിക്കൊണ്ടുവന്ന് മർദിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് മൂന്നുമുക്ക് വള്ളംവെട്ടിമൂലയിൽ സുരേഷ്കുമാറാണ്(48) അറസ്റ്റിലായത്.
കില്ലർ സുരേഷ്, മധു എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു. ജൂൺ 23ന് രാത്രി അരീപ്പറമ്പ് ചക്കനാട് ഭാഗത്താണ് സംഭവം . എറണാകുളത്തുനിന്ന് തിരുവല്ല സ്വദേശി അരുൺ കോശിയെ ചേർത്തലയിലേക്ക് കൊണ്ടുവന്ന് ക്വട്ടേഷൻ സംഘത്തിന് കൈമാറുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് അറസ്റ്റിലായ സുരേഷ് കുമാർ.
ഇതോടെ കേസിൽ 13 പ്രതികളും പിടിയിലായി. അരുണിനെ മാരുതിവാനിൽ ചേർത്തലയിൽ എത്തിച്ച് ക്വട്ടേഷൻ സംഘത്തിന് കൈമാറിയത് ഇയാളാണ്. സംഘംചേർന്ന് മർദിച്ച് വാരിയെല്ലിന് ഉൾപ്പെടെ ക്ഷതം ഉണ്ടാക്കുകയും മൊബൈൽഫോൺ, രേഖകൾ എന്നിവ കവരുകയും ചെയ്തു. എറണാകുളം കാക്കനാട് ഭാഗത്തുള്ള സ്വകാര്യ ഹോസ്റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ക്വട്ടേഷന് പിന്നിൽ. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുരേഷെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് ഞായറാഴ്ചയാണ് സുരേഷ് കുമാറിനെ അർത്തുങ്കൽ പൊലീസ് പിടികൂടിയത്. അരുണിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഇയാളുടെ മാരുതിവാൻ ചാരുംമൂട് മാമൂട് കവലയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അർത്തുങ്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജി. മധുവിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ കെ. ജെ. ജേക്കബ്, ആർ. എൽ. മഹേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.