മാസ്ക് ധരിക്കാത്തത് ചോദ്യംചെയ്തു; കണ്ടക്ടറുടെ വിരൽ കടിച്ചുമുറിച്ചു
text_fieldsവണ്ടിപ്പെരിയാർ: മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈവിരൽ യാത്രക്കാരൻ കടിച്ചുമുറിച്ചു. വണ്ടിപ്പെരിയാർ-ആനക്കുഴി റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ പി. രാഹുൽകൃഷ്ണനാണ് (32) പരിക്കേറ്റത്. കണ്ടക്ടറെ ആക്രമിച്ച മൂങ്കലാർ സ്വദേശി രാജീവിനെ (38) പൊലീസ് പിടികൂടി.
ഇയാൾ മാസ്ക് ധരിക്കാതെ യാത്രചെയ്തത് മറ്റ് യാത്രക്കാർ കണ്ടക്ടറെ അറിയിച്ചു. മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായി കണ്ടക്ടറെ മർദിക്കുകയും കൈവിരൽ കടിച്ചുമുറിക്കുകയുമായിരുന്നു. മുഖം നഖമുപയോഗിച്ച് മാന്തിക്കീറുകയും ചെയ്തു. യാത്രക്കാർ ഇയാളെ തടഞ്ഞുവെച്ച് കുമളി പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. പരിക്കേറ്റ കണ്ടക്ടർ രാഹുൽ കൃഷ്ണൻ വണ്ടിപ്പെരിയാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെതുടർന്ന് സർവിസ് മുടങ്ങി.