അനുജനെ തല്ലിയത് ചോദ്യം ചെയ്തു; ഡൽഹിയിൽ പത്താം ക്ലാസ്സുകാരനെ കുത്തിക്കൊന്നു, പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ഉസ്മാൻപൂരിൽ പത്താം ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി. ഗൗതം വിഹാർ സ്വദേശിയായ അയൻ അൻസാരി (15) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പതിനേഴുകാരനായ കൗമാരക്കാരനെ പൊലീസ് പിടികൂടി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അയന്റെ അനുജൻ സാനിബ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതിയും കൂട്ടുകാരും ചേർന്ന് തടഞ്ഞുനിർത്തുകയും ശകാരിക്കുകയും ചെയ്തു. സാനിബിനെ പ്രതി തല്ലിയ വിവരമറിഞ്ഞ അയൻ, സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സ്ഥലത്തെത്തി ഇത് ചോദ്യം ചെയ്തു. വാക്കേറ്റത്തിനിടയിൽ പ്രതിയും കൂട്ടാളികളും ചേർന്ന് അയനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
അങ്ങേയറ്റം ക്രൂരമായാണ് അക്രമിസംഘം അയനെ നേരിട്ടത്. ശരീരത്തിൽ ഏഴോളം കുത്തേറ്റ അയൻ സംഭവസ്ഥലത്ത് തന്നെ രക്തം വാർന്ന് വീണു. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് ജഗപ്രവേശ് ചന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ജി.ടി.ബി ആശുപത്രിയിലേക്ക് മാറ്റി.
ഗൗതം വിഹാർ സ്വദേശിയായ അയൻ തന്റെ മാതാപിതാക്കൾക്കും രണ്ട് അനുജന്മാർക്കുമൊപ്പമാണ് താമസിച്ചിരുന്നത്. അയന്റെ പിതാവ് ആക്രി കച്ചവടക്കാരനാണ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മുഖ്യപ്രതിയെ ഞായറാഴ്ച രാവിലെ പുസ്ത ഏരിയയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇയാളിൽനിന്ന് കണ്ടെടുത്തു. അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി എസ്.എച്ച്.ഒ രാജേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

