മകളെ ആക്രമിച്ചത് ചോദ്യംചെയ്തു; വീടിന് തീവെച്ച് മരുമകൻ
text_fields1.പ്രതി റഷീദ് 2.ജമീലയുടെ വീട് കത്തിനശിച്ച നിലയിൽ
മുക്കം: മകളെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യയുടെ വീടിന് തീയിട്ട് മരുമകൻ. കാരശ്ശേരി വലിയപറമ്പ് തടത്തിൽ കോളനിയിൽ താമസിക്കുന്ന ജമീലയുടെ വീടാണ് മരുമകനായ പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടിൽ റഷീദ് തീവെച്ച് കത്തിച്ചത്.
ജമീലയുടെ മകളും റഷീദും താമസിക്കുന്ന കൊടിയത്തൂർ കരകുറ്റിയിലെ വാടകവീട്ടിൽവെച്ച് ജമീലയുടെ മകളെ ജമീലയുടെ മുന്നിൽവെച്ച് മരുമകൻ ക്രൂരമായി മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടർന്ന് വാക്കുതർക്കം ഉണ്ടായി. തുടർന്ന് അക്രമത്തിൽ പരിക്കേറ്റ മകളെ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയിൽനിന്നും ഡിസ്ചാർജായ മകളെയും കൂട്ടി ജമീല വലിയപറമ്പിലെ സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ, ഇന്നലെ പുലർച്ചെ മൂന്നോടെ വീടിന് കല്ലെറിയുന്ന ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കുമ്പോഴാണ് അടുക്കളഭാഗത് തീ കത്തുന്നത് ശ്രദ്ധയിൽപെട്ടത്. ഉടനെ ജമീലയും മകളും പുറത്തിറങ്ങി നോക്കുമ്പോൾ റഷീദ് ഓടിപ്പോവുന്നത് കണ്ടു. ഇവർ ബഹളം വെച്ചതോടെ അയൽവാസികൾ എത്തിയാണ് തീയണച്ചത്.
അഗ്നിബാധയിൽ വീടിന്റെ അടുക്കളഭാഗം, രണ്ട് വാഷിങ് മെഷീൻ, പാത്രങ്ങൾ, കുട്ടികളുടെ സ്കൂൾ യൂനിഫോം ഉൾപ്പടെയുള്ള വസ്ത്രങ്ങൾ എന്നിവ പൂർണമായും കത്തിനശിച്ചു. ജമീല പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മുക്കം പൊലീസ് നടത്തിയ അന്വേഷണത്തിൽ റഷീദിനെ കുന്ദമംഗലത്തുനിന്ന് പിടികൂടുകയായിരുന്നു. സംഭവം നടക്കുമ്പോൾ ജമീലയും രണ്ട് മക്കളും പേരക്കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.
റഷീദ് എം.ഡി.എം.എ ഉൾപ്പെടെ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ഇടക്കിടെ മകളെ ആക്രമിക്കാറുണ്ടെന്നും സംശയരോഗിയാണെന്നും ജമീല പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനക്കായി ജില്ല ഫോറൻസിക് യൂനിറ്റും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

