ഖത്തർ കെ.എം.സി.സി ഓഫിസിൽ കവർച്ച: കൊയിലാണ്ടി സ്വദേശി പിടിയിൽ
text_fieldsപ്രതികളായ ബാലകൃഷണൻ, റാഷിദ് പയ്യോളി, ബോബെ ഷാജി
കോഴിക്കോട് /ദോഹ: ഖത്തർ കെ.എം.സി.സി ഓഫിസിൽ എട്ടു കോടി രൂപയോളം കവർച്ച നടത്തിയ കേസിൽ ഒരാൾ പൊലീസിൽ കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണൻ ആണ് പിടിയിലായത്. കോഴിക്കോട് കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറു പേർക്കെതിരെയാണ് കേസെടുത്തത്. ബോംബെ ഷാജി, റാഷി പയ്യോളി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
കെ.എം.സി.സി ഖത്തർ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ അൽ തുമാമയിലെ കെ.എം.സി.സി ഓഫിസിലാണ് സംഭവം. ഓഫിസ് റൂമിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് 31 ലക്ഷം റിയാൽ (ഏകദേശം എട്ട് കോടിയിലേറെ രൂപ) കവർന്നെന്നാണ് പരാതി. സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും വിശദീകരണം നൽകാൻ കെ.എം.സി.സി ഭാരവാഹികൾ തയാറായിരുന്നില്ല. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ച പ്രവർത്തകരെ കഴിഞ്ഞ മാസം സംസ്ഥാന മുസ് ലിം ലീഗ് നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു.

