വെള്ളം ആവശ്യപ്പെട്ട അമ്മയെ തുരുതുരെ വെട്ടി: കൊടുംക്രൂരതയിലും കൂസലില്ലാതെ സനൽ
text_fieldsപാലക്കാട്: പുതുപ്പരിയാരത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂത്ത മകൻ സനൽ (28) മയക്കുമരുന്നിന് അടിമയായിരുന്നെന്ന സംശയത്തിലാണ് പൊലീസ്. ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെങ്കിലും മറുപടികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി വെള്ളം ആവശ്യപ്പെട്ട അമ്മയോട് കാരണമില്ലാതെ ഇയാൾ പ്രകോപിതനാവുകയായിരുന്നത്രേ. തുടർന്ന് രണ്ട് കത്തികൾകൊണ്ട് മാതാവിനെ തുരുതുരെ വെട്ടി വീഴ്ത്തുകയായിരുന്നു. പിന്നാലെ അടുത്ത മുറിയിൽ നട്ടെല്ലിന് പരിക്ക് പറ്റി എഴുന്നേൽക്കാനാവാത്ത നിലയിൽ ചികിത്സയിലുള്ള പിതാവ് കാര്യമന്വേഷിച്ചതോടെ അദ്ദേഹത്തെയും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതിനിടെ കീടനാശിനി സിറിഞ്ചിൽ ശേഖരിച്ച് അമ്മയുടെ കാലിൽ കുത്തിവെച്ചതായും മാതാപിതാക്കളുടെ വായിൽ ഒഴിച്ചുകൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം കുളിച്ച് വസ്ത്രം മാറിയ സനൽ തുടർന്ന് വീട്ടിലുണ്ടായിരുന്ന ആപ്പിൾ കഴിച്ച ശേഷം നടന്നാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയത്. ബംഗളൂരുവിലേക്ക് ട്രെയിൻ കയറിയ സനൽ ഇന്റർനെറ്റിൽ നിന്ന് ബുദ്ധമത കേന്ദ്രങ്ങളുടെ നമ്പർ തിരഞ്ഞെടുത്ത് വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇയാൾ ഇത്തരം കേന്ദ്രങ്ങളിലെവിടെയെങ്കിലും ഒളിവിലുണ്ടാവുമെന്നാണ് പൊലീസ് കരുതിയിരുന്നത്. രണ്ട് ദലിതരെ കൊന്നിട്ടുണ്ടെന്നും പരിഹാരം വല്ലതുമുണ്ടോയെന്നുമാണ് ഇയാൾ ബുദ്ധമത കേന്ദ്രങ്ങളിൽ വിളിച്ചന്വേഷിച്ചതെന്നാണ് വിവരം.
ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെയാണ് സനൽ ബുധനാഴ്ച പൊലീസിനൊപ്പം മാധ്യമപ്രവർത്തകരടക്കമുള്ളവരുടെ മുന്നിലെത്തിയത്. ഇടക്ക് പുഞ്ചിരിക്കുന്നുമുണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പുവരെ കൊക്കെയിൻ അടക്കമുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി സനൽ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. കഞ്ചാവും ഉപയോഗിച്ചിരുന്നത്രേ.