ട്രെയിനിൽനിന്ന് തള്ളിയിട്ടു; യുവതി ഗുരുതരാവസ്ഥയിൽതന്നെ കുറ്റം സമ്മതിച്ച് പ്രതി
text_fieldsപ്രതി
തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽനിന്ന് ചവിട്ടിത്തള്ളിയിട്ട 19 കാരി ഗുരുതരാവസ്ഥയിൽ. തലക്കും നട്ടെല്ലിനും പരിക്കേറ്റ നെടുമങ്ങാട് പാലോട് സ്വദേശി ശ്രീക്കുട്ടി (സോനു) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. തലച്ചോറിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. മൂന്നിടങ്ങളിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. മെഡിക്കൽ ബോഡിന്റെ നിർദേശ പ്രകാരം ചികിത്സ നൽകി വരുന്നതായി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
ഞായറാഴ്ച രാത്രി കേരള എക്സ്പ്രസിലെ യാത്രക്കിടെയാണ് യുവതിയെ സഹയാത്രികൻ സുരേഷ്കുമാർ തള്ളിയിട്ടത്. ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി അർച്ചനയെയും ഇയാൾ ആക്രമിച്ചിരുന്നു. അർച്ചനയെ തള്ളിയിടാൻ ശ്രമിച്ചെങ്കിലും സഹയാത്രികർ രക്ഷിക്കുകയായിരുന്നു. ആലുവയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി. വാതിൽക്കൽനിന്ന് മാറാത്തതിന്റെ വൈരാഗ്യത്തിലാണ് പ്രതി യുവതിയെ തള്ളിയിട്ടതെന്നാണ് എഫ്.ഐ.ആര്.
പെൺകുട്ടിയും സുരേഷും തമ്മിൽ വാക് തർക്കമുണ്ടായെന്നും സൂചനയുണ്ട്. റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. വാതിലിൽനിന്ന് മാറാത്തതിനാലാണ് തള്ളിയതെന്നാണ് ഇയാളുടെ മൊഴി. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അതേസമയം, ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് മാതാവ് പ്രിയദര്‍ശിനി ആരോപിച്ചു. ശരീരത്തിൽ ഇരുപതോളം മുറിവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മികച്ച ചികിത്സ ലഭ്യമാക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

