ഇൻസ്റ്റഗ്രാമിൽ താരമായ പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥ ഹെറോയിനുമായി പിടിയിൽ; സർവീസിൽനിന്ന് പിരിച്ചുവിട്ടു
text_fieldsഅമൻദീപ് കൗർ
ചണ്ഡീഗഡ്: പഞ്ചാബിലെ ബത്തിൻഡയിൽ 17.7 ഗ്രാം ഹെറോയിനുമായി പൊലീസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയായ പൊലീസ് കോൺസ്റ്റബിൾ അമൻദീപ് കൗറാണ് കഴിഞ്ഞ ദിവസം പിടിയിലായത്. വ്യാഴാഴ്ച ഇവരെ സർവീസിൽനിന്ന് പിരിച്ചുവിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് കോടി രൂപ മൂല്യമുള്ള ലഹരിയാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പഞ്ചാബ് പൊലീസും ലഹരിവിരുദ്ധ ദൗത്യസംഘവും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഉദ്യോഗസ്ഥയുടെ കാറിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്. ബത്തിൻഡയിലെ ബാദൽ മേൽപ്പാലത്തിനു സമീപം ഇവരുടെ കാർ തടയുകയായിരുന്നു. ലഹരിവസ്തു കണ്ടെത്തിയ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും ഡി.എസ്.പി ഹർബന്ദ് സിങ് ധലിവാൾ അറിയിച്ചു.
ഇൻസ്റ്റഗ്രാമിൽ 30,000ത്തിലേറെ ഫോളോവേഴ്സുള്ള അമൻദീപ് കൗറിന്‍റെ റീലുകൾ പലതും വൈറലാണ്. 27കാരിയായ അമൻദീപ് യൂണിഫോം ധരിച്ച് ചെയ്ത പല വിഡിയോകളും വിവാദത്തിനിടയാക്കിയിരുന്നു. പല വിഡിയോകളും പൊലീസിനെ കളിയാക്കുന്ന തരത്തിലുള്ളതാണ്. യൂണിഫോമിൽ റീലുകൾ ചിത്രീകരിക്കുന്നതും പങ്കുവെക്കുന്നതും പഞ്ചാബ് പൊലീസ് നിരോധിച്ചിട്ടുണ്ട്. വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇവർ ലഹരിക്കേസിൽ അറസ്റ്റിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

