75 കോടി കിട്ടാൻ 65 ലക്ഷം നൽകി വെട്ടിലായി; അന്വേഷിച്ച് ചെന്നപ്പോൾ ബാക്കിയുള്ളത് ഒരു പൂണെ സ്വദേശിനി മാത്രം
text_fieldsഅറസ്റ്റിലായ മലേക മാർഷൽ ഫ്രാൻസിസ്
തിരുവനന്തപുരം: ജീവകാരുണ്യപ്രവർത്തനം നടത്താൻ ഒരു കോടി ഡോളർ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിനിയിൽനിന്ന് 65 ലക്ഷം രൂപ ഓൺലൈനായി തട്ടിയെടുത്ത കേസിൽ പുണെ സ്വദേശിനി അറസ്റ്റിൽ. നൈജീരിയൻ തട്ടിപ്പ് സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന മലേക മാർഷൽ ഫ്രാൻസിസി (35) നെയാണ് തിരുവനന്തപുരം സൈബർ പൊലീസ് മുംബൈയിൽനിന്ന് പിടികൂടിയത്. തട്ടിപ്പിന് പിന്നിലുള്ള നൈജീരിയൻ സംഘത്തിന്റെ തലവൻ മാർക്ക് രാജ്യം വിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. മാർക്കിന്റെ ഏജന്റായാണ് മലേക പ്രവർത്തിച്ചിരുന്നത്.
ജീവകാരുണ്യപ്രവർത്തനത്തിന് 10 മില്യൺ ഡോളർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിളപ്പിൽശാല സ്വദേശിനിക്ക് തട്ടിപ്പ് സംഘം ആദ്യം ഇ-മെയിൽ അയക്കുകയായിരുന്നു. തുക കൈമാറാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടു. പിന്നീട്, ആദായ നികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന മറ്റൊരു സംഘം വിളപ്പിൽശാല സ്വദേശിനിയെ ഫോണിൽ വിളിച്ചു. തുക കൈമാറാൻ 65 ലക്ഷം രൂപ ആദായനികുതി ഒടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇവർ നിർദേശിച്ച പ്രകാരം വിവിധ അക്കൗണ്ടുകളിലേക്കായി 65 ലക്ഷം രൂപ കൈമാറി. ഇതിൽ 24 ലക്ഷം രൂപ കൈമാറിയത് പിടിയിലായ മലേകയുടെ അക്കൗണ്ടിലേക്കായിരുന്നു.
തട്ടിപ്പിന് പിന്നാലെ, ഇതിന് നേതൃത്വം നൽകിയ നൈജീരിയക്കാരനായ മാർക്ക് രാജ്യം വിട്ടു. തന്റെ അക്കൗണ്ടിലേക്ക് വന്ന 24 ലക്ഷം രൂപ മാർക്കിന് കൈമാറിയതായും 14 ലക്ഷം രൂപയാണ് തനിക്ക് ലഭിച്ചതെന്നുമാണ് പിടിയിലായ മലേക പൊലീസിനോട് പറഞ്ഞത്. സി.ഐ രതീഷ്, എസ്.ഐ സതീഷ്, വനിത എസ്.ഐ ഷൈല, വനിത സീനിയർ സി.പി.ഒ ഷിനി ലാൽ, സി.പി.ഒമാരായ വിമൽ, അദീൻ എന്നിവരടങ്ങിയ സംഘമാണ് മലേകയെ അറസ്റ്റ് ചെയ്തത്. ഇവരെ തിരുവനന്തപുരത്തെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

