പി.എസ്.സി പരീക്ഷക്കിടെ ഹൈടെക്ക് കോപ്പിയടി: രണ്ടുപേർ പിടിയിൽ
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷക്കിടെ ഹൈടെക്ക് കോപ്പിയടിയിൽ രണ്ടുപേർ പിടിയിൽ. ഇന്ന് കാലടി ഗവ. എച്ച്.എസ് സ്കൂളിൽ നടത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫിസർ പരീക്ഷക്കിടെയാണ് കോപ്പിയടി നടന്നത്. മൊബൈല്‍ ഫോണ്‍ കാമറ ഉപയോഗിച്ച് ചോദ്യപേപ്പര്‍ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ജെമിനി വഴി ഉത്തരം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി അനീഷ് ബാബു (27), സഹായി വിഴിഞ്ഞം പനവിള സ്വദേശി അരുണ്‍ (28) എന്നിവരെ പിടികൂടി.
അനീഷ് പരീക്ഷ എഴുതുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ പരിശോധന നടത്തിയപ്പോഴാണ് ബ്ലൂടൂത്ത് ഉപകരണം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ കാമറ ഉപയോഗിച്ച് ചോദ്യപ്പേപ്പർ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ജെമിനി വഴി ഉത്തരം കണ്ടെത്താനായിരുന്നു പ്രതികളുടെ നീക്കമെന്ന് പൊലീസ് പറഞ്ഞു. രാവിലെ 10.30 മുതല്‍ 12.30 വരെയായിരുന്നു പരീക്ഷ സമയം.
പരീക്ഷ തുടങ്ങി 15 മിനിട്ടിനുള്ളില്‍ അനീഷിന്റെ കള്ളത്തരം പൊളിഞ്ഞു. നെഞ്ചിന്റെ ഭാഗത്ത് ഫോണും കാലിലും ചെവിയിലും ഓരോ ബ്ലൂടൂത്ത് ഉപകരണങ്ങളും ഒളിപ്പിച്ചു വെച്ചാണ് അനീഷ് പരീക്ഷാഹാളിലെത്തിയത്. സംശയം തോന്നി ഇന്‍വിജിലേറ്റര്‍ അറിയിച്ചതിനെ തുടര്‍ന്ന് പി.എസ്.സി വിജിലന്‍സും ഫോര്‍ട്ട് പൊലീസും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ഫോണും കാലില്‍ ഘടിപ്പിച്ച ഉപകരണവും കണ്ടെത്തുന്നത്. അനീഷിനെ സഹായിക്കുന്നതിനായി പരീക്ഷാകേന്ദ്രത്തിന് പുറത്തുനിന്നിരുന്ന അരുണിനെയും പൊലീസ് പിടികൂടി. ഫോര്‍ട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

