ഫോൺ തരാമെന്ന് പറഞ്ഞ് 13കാരനെ കൂട്ടിക്കൊണ്ടുപോയി, എന്നിട്ട് കഴുത്തുഞെരിച്ചും കുത്തിയും കൊന്നു; ശേഷം മാതാവിനെ വിളിച്ച് 25 ലക്ഷം ആവശ്യപ്പെട്ടു
text_fieldsകൊല്ലപ്പെട്ട മായങ്ക് താക്കൂർ
മുംബൈ: ഒരു 13കാരന്റെ കൊലയിൽ നടുങ്ങിയിരിക്കുകയാണ് മുംബൈയിലെ കാഷിമിറ പ്രദേശം. രണ്ടു യുവാക്കൾ ചേർന്നാണ് മായങ്ക് താക്കൂർ എന്ന കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയെ വിളിച്ചുകൊണ്ടുപോയി വിജനമായ സ്ഥലത്തുവെച്ച് കഴുത്തുഞെരിച്ചും കുത്തിയും കൊന്നുകളയുകയായിരുന്നു.
മായങ്കിന്റെ മാതാവിൽനിന്ന് പണം ഈടാക്കുകയായിരുന്നു കൊലയാളികളുടെ ലക്ഷ്യം. അവനെ കൊന്നുകളഞ്ഞശേഷമാണ് പ്രതികൾ മാതാവിനെ വിളിച്ച് 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഹെയർ സ്റ്റൈലിസ്റ്റായ അഫ്സൽ അൻസാരിയും (26) മോട്ടോർ സൈക്കിൾ മെക്കാനിക്കായ ഇമ്രാൻ ഷെയ്ക്കും (28) ആണ് പ്രതികൾ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരിൽ അഫ്സൽ അൻസാരിക്ക് മായങ്കിനെ നേരത്തേ പരിചയമുണ്ടായിരുന്നു. പുതിയ മൊബൈൽ ഫോൺ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് കൂട്ടിക്കൊണ്ടുപോയത്. തന്റെ കൈയിൽ ഒരു സിം കാർഡ് മാത്രമേയുള്ളൂ എന്ന് കുട്ടി ഇവരോട് പറഞ്ഞിരുന്നു. 'സിം കാർഡ് കൈയിൽ കരുതിക്കോളൂ, മൊബൈൽ തരാം' എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
വസായിയിലെ ആളൊഴിഞ്ഞ് സ്ഥലത്തു കൊണ്ടുപോയി കുട്ടിയെ കഴുത്തുഞെരിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വാലിവിലെ ഒരു അരുവിയിൽ തള്ളി. റസ്റ്റോറന്റുകളിലും ബാറിലും ഗായികയായാണ് മായങ്കിന്റെ മാതാവ് ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്. വൈകീട്ട് മകൻ വീട്ടിൽ തിരിച്ചെത്താതായതോടെയാണ് അവർ കാഷിമിറ പൊലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയത്.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് മായങ്കിന്റെ സിംകാർഡ് തന്റെ ഫോണിലിട്ട് പ്രതി അഫ്സൽ അൻസാരി കുട്ടിയുടെ മാതാവിനെ വിളിച്ചത്. മകനെ കിട്ടണമെങ്കിൽ 25 ലക്ഷം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം അവർ ഉടൻ പൊലീസിൽ അറിയിച്ചു. തുടർന്ന് ഫോണിന്റെ ഐ.എം.ഇ.എ നമ്പർ പിന്തുടർന്ന് പൊലീസ് അൻസാരിയെ പിടികൂടുകയായിരുന്നു. വൈകാതെ ഷെയ്ക്കും പിടിയിലായി. കുട്ടിയുടെ മൃതദേഹവും പിന്നാലെ കണ്ടെടുത്തു.
പാട്ടുകാരിയായതിനാൽ മായങ്കിന്റെ മാതാവിന്റെ പക്കൽ ഒട്ടേറെ പണമുണ്ടാകുമെന്ന നിഗമനത്തിലാണ് പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഒരു സ്ഥലത്ത് ഒളിപ്പിച്ചിരിക്കുകയാണെന്നാണ് പ്രതികൾ മാതാവിനോട് പറഞ്ഞത്. മായങ്ക് തങ്ങളുടെ കസ്റ്റഡിയിലാണുള്ളതെന്ന് വിശ്വസിപ്പിക്കാനാണ് അവന്റെ സിം നമ്പർ ഉപയോഗിച്ച് മാതാവിനെ ഫോൺ വിളിച്ചതെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

