മത്സരങ്ങളിൽ അവസരവും മെഡലുകളും വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു; ബംഗളൂരുവിൽ പ്രശസ്ത യോഗ ഗുരു അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ യോഗ ഗുരു നിരഞ്ജൻ മൂർത്തി
ബംഗളൂരു: ലൈംഗിക പീഡന കേസിൽ യോഗ ഗുരു നിരഞ്ജൻ മൂർത്തിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാതിരുന്ന കാലത്ത് യോഗ മത്സരങ്ങളിൽ അവസരവും മെഡലും വാഗ്ദാനം ചെയ്ത് മൂർത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കർണാടക യോഗാസന സ്പോർട്സ് അസോസിയേഷൻ(കെ.വൈ.എസ്.എ) സെക്രട്ടറിയാണ് നിരഞ്ജൻ മൂർത്തി.
ഭാരതീയ ന്യായ സംഹിതയിലെ 69, 75(2), പോക്സോ നിയമത്തിലെ വകുപ്പ് 12 എന്നീ വകുപ്പുകൾ പ്രകാരമാണ് യോഗ ഗുരുവിനെ അറസ്റ്റ് ചെയ്തത്. 2019 മുതൽ തനിക്ക് യോഗ ഗുരുവിനെ പരിചയമുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. 2021 മുതൽ മൂർത്തി സംഘടിപ്പിച്ച യോഗ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു തുടങ്ങി. 2023ൽ(അന്ന് പരാതിക്കാരിക്ക് 17 വയസാണ് പ്രായം) മത്സരത്തിന്റെ ഭാഗമായി മൂർത്തിക്കൊപ്പം തായ്‍ലൻഡിലേക്ക് പോയി. അവിടെ വെച്ചാണ് ആദ്യമായി ശാരീരികമായി പീഡിപ്പിച്ചത്. തുടർന്ന് ആ പരിപാടിയിൽ പങ്കെടുക്കാതെ പെൺകുട്ടി മടങ്ങി.
2024ൽ മൂർത്തി തന്നെ നേതൃത്വം നൽകുന്ന സൺഷൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അപ്പോഴും പീഡനം നേരിടേണ്ടി വന്നു. ദേശീയ യോഗ മത്സരത്തിൽ മെഡൽ വാഗ്ദാനം ചെയ്ത് 2025 ആഗസ്റ്റിലും പീഡനം തുടർന്നു. ആഗസ്റ്റ് 22നും ഇതുപോലെ പീഡന ശ്രമമുണ്ടായി. സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കാമെന്നായിരുന്നു വാഗ്ദാനം. 2025 ആഗസ്റ്റ് 30നാണ് ഇതെല്ലാം വിശദമാക്കി പൊലീസിൽ പരാതി നൽകിയത്.
യോഗ മത്സരങ്ങളിൽ അവസരവും മെഡലും പരിശീലനവും എല്ലാം വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിരഞ്ജൻ മൂർത്തിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. നിരവധി സ്ത്രീകളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. യോഗയിൽ പിച്ച്.ഡിയുണ്ടെന്നാണ് മൂർത്തി അവകാശപ്പെടുന്നത്. ഇയാൾ കർണാടക സർക്കാറിന്റെ ലൈഫ് അച്ചീവ്മെന്റ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

