ഒരു കോടിയുടെ നിരോധിത പുകയില ഉൽപന്ന ശേഖരം പിടികൂടി
text_fieldsകല്ലമ്പലം: വിപണിയിൽ ഒരു കോടി രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നശേഖരം കല്ലമ്പലം പൊലീസ് പിടികൂടി. കല്ലമ്പലം മാവിൻമൂട് പാണംതറയിൽ കുറിയർ സർവിസ് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്നാണ് പുകയിലുൽപനങ്ങൾ പിടികൂടിയത്. പാണൻതറ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
സെഷൽ ബ്രാഞ്ചിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു പരിശോധന. വിൽപനക്ക് സൂക്ഷിച്ചിരുന്ന ശംഭു, ഗണേഷ്, കൂൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ 200 ഓളം വരുന്ന ചാക്കുകളിലാക്കി അടുക്കിവെച്ച നിലയിലായായിരുന്നു. കുറിയർ സർവിസ് സ്ഥാപനം നടത്താൻ രണ്ടാഴ്ച മുമ്പ് കൊടുവഴന്നൂർ സ്വദേശി ഗോകുലാണ് കടമുറി വാടകക്കെടുത്തത്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
കല്ലമ്പലം എസ്.എച്ച്.ഒ ജി. പ്രൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, സുനിൽകുമാർ, നജീബ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അസീം, ശ്രീമുരുകൻ, അജിത്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ പ്രസേനൻ, നസറുല്ല, ശ്യാം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.