കൊൽക്കത്തയിൽ സി.ആർ.പി.എഫ് ജവാനായി ചമഞ്ഞ സ്വകാര്യ സുരക്ഷാ ഗാർഡ് അറസ്റ്റിൽ
text_fieldsകൊൽക്കത്ത: കൊൽക്കത്തയിലെ ഇന്ത്യൻ സേനയുടെ കിഴക്കൻ കമാൻഡ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഫോർട്ട് വില്യം (വിജയ് ദുർഗ്) സമീപത്ത് സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയെന്ന് ആരോപിച്ച് 29-കാരനായ ഒരു സ്വകാര്യ സുരക്ഷാ ഗാർഡിനെ പൊലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച സൗത്ത് ഗേറ്റിന് സമീപം ട്രാഫിക് പൊലിസ് നടത്തിയ പതിവ് വാഹന പരിശോധനക്കിടെയാണ് സംശയാസ്പദമായി ഇയാൾ പിടിയിലാവുന്നത്..
കറുത്ത മഹീന്ദ്ര സ്കോർപിയോ വാഹനത്തിൽ കമാൻഡോ മാതൃകയിലുള്ള സൈനിക വേഷം ധരിച്ച നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയപ്പോൾ. ഹാൽദിയയിലെ ഒരു ലോജിസ്റ്റിക്‌സ് സ്ഥാപനത്തിൽ സ്വകാര്യ ഗാർഡായി ജോലി ചെയ്യുന്ന നോർത്ത് 24 പർഗാനാസ് സ്വദേശിയായ ആകാശ് സോണാർ എന്ന യുവാവാണ് അറസ്റ്റിലായത്
സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥർ സോണാറിനെ ഫോർട്ട് വില്യം സൈനിക സമുച്ചയത്തിനുള്ളിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. വിശദമായ പരിശോധനയിൽ രാജ്യസുരക്ഷയെ ബാധിക്കുന്നതോ സംശയാസ്പദമോ ആയ കാര്യങ്ങളൊന്നും കണ്ടെത്താനായില്ല. തുടർന്ന് സൈനിക അധികൃതർ ഔദ്യോഗികമായി പരാതി നൽകാതെ ഇയാളെ ലോക്കൽ പൊലിസിന് കൈമാറി.
സുരക്ഷാ ഭീഷണിയൊന്നും ഇല്ലെന്ന് സൈനിക വിഭാഗം കണ്ടെത്തിയെങ്കിലും അനുമതിയില്ലാതെ പൊതുസ്ഥലത്ത് സൈനിക മാതൃകയിലുള്ള യൂണിഫോം ധരിച്ചതിന് പൊലിസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. ഇത്തരം കുറ്റങ്ങൾക്ക് ബന്ധപ്പെട്ട നിയമപ്രകാരം നടപടിയെടുക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

