പ്രാർത്ഥനക്കെത്തിയ കുട്ടികളോട് പ്രകൃതി വിരുദ്ധ പീഡനം; വൈദികൻ പിടിയിൽ
text_fieldsമംഗളൂരു: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കത്തോലിക്കാ വൈദികനെ മംഗളൂരു സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വലൻസിയ പള്ളിയിലെ വൈദികൻ ഫാദർ സിപ്രിയൻ പിന്റോയാണ് പിടിയിലായത്. രണ്ട് കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
പ്രാർത്ഥനയ്ക്കായി പള്ളിയിലെത്തിയപ്പോഴാണ് കുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായതെന്ന് പരാതിയിൽ പറയുന്നു. സ്നേഹപ്രകടനങ്ങളിലൂടെ കുട്ടിയെ അടുപ്പിക്കാൻ ശ്രമിച്ച ഇയാൾ പിന്നീട് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ വൈദികനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് ഹാസൻ ജില്ലയിലെ സകലേശ്പൂരിലുള്ള ബന്ധുവിന്റെ വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവര ലഭിച്ചു. മംഗളൂരു സൗത്ത് പോലീസിന്റെ പ്രത്യേക സംഘം അവിടെയെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മറ്റ് കുട്ടികൾ ആരെങ്കിലും അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

