ക്ഷേത്രത്തിൽനിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ച് ബാങ്കിൽ പണയംവെച്ച ശാന്തിക്കാരൻ അറസ്റ്റിൽ
text_fieldsഅശ്വന്ത്
കൊരട്ടി (തൃശൂർ): ക്ഷേത്രത്തിൽനിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ച് ബാങ്കിൽ പണയംവെച്ച ശാന്തിക്കാരൻ അറസ്റ്റിൽ.
മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ വിഗ്രഹത്തിൽ ചാർത്താൻ സൂക്ഷിച്ചിരുന്ന 2.7 പവൻ ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് ബാങ്കിൽ പണയം വെച്ച കേസിൽ കണ്ണൂർ അഴീക്കോട് സ്വദേശി തേനായി വീട്ടിൽ അശ്വന്താണ് (34) കൊരട്ടി പൊലീസിന്റെ പിടിയിലായത്. ക്ഷേത്രം പ്രസിഡന്റ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
2020 ഫെബ്രുവരിയിലാണ് അശ്വന്ത് ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലിക്ക് കയറിയത്. അന്ന് മുതൽ ക്ഷേത്രം കമ്മിറ്റി അശ്വന്തിനാണ് സ്വർണാഭരണങ്ങളുടെയും വെള്ളിപ്പാത്രങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും സംരക്ഷണ ചുമലത നൽകിയിരുന്നത്.
എന്നാൽ, കമ്മിറ്റി അംഗങ്ങൾക്ക് തോന്നിയ സംശയത്തെ തുടർന്ന് തിരുവാഭരണങ്ങൾ കാണിച്ച് തരാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾക്ക് അതിന് കഴിഞ്ഞില്ല. തിരുവാഭരണങ്ങളിലെ കുറച്ച് സ്വർണാഭരണങ്ങൾ ചാലക്കുടിയിലെ ബാങ്കിൽ പണയം വെച്ചതായി അശ്വന്ത് അറിയിക്കുകയായിരുന്നു. തുടർന്ന് കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും ചേർന്ന് പരിശോധിച്ചതിൽ പത്ത് ഗ്രാം തൂക്കം വരുന്ന കാശുമാല, ഏഴ് ഗ്രാം തൂക്കം വരുന്ന സ്വർണ വള, നാല് ഗ്രാം തൂക്കം വരുന്ന മണിമാല, ഒരു ഗ്രാം തൂക്കം വരുന്ന സ്വർണത്തിന്റെ രണ്ട് കണ്ണുകൾ, ഒരു ഗ്രാം തൂക്കം വരുന്ന നാല് പൊട്ടുകൾ എന്നിവ ശ്രീകോവിലിൽനിന്ന് നഷ്ടപ്പെട്ടതായി മനസ്സിലാക്കി.
അശ്വന്ത് എറണാംകുളം ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിലായി സമാനമായ രണ്ട് തട്ടിപ്പ് കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊരട്ടി എസ്.എച്ച്.ഒ അമൃതരംഗൻ, എസ്.ഐമാരായ ഒ.ജി.ഷാജു, കെ.എ. ജോയ്, എസ്.ഐ ഷിജോ, സി.പി.ഒ മാരായ ഷിജോ, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

