മുൻവൈരാഗ്യം: സംഘംചേർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു
text_fieldsകരുമാല്ലൂർ: മുൻവൈരാഗ്യത്തെ തുടർന്ന് പിന്തുടർന്നെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു. മാഞ്ഞാലി തെക്കേത്താഴം കാഞ്ഞിരപ്പറമ്പിൽ റംഷാദിനാണ് (27) കുത്തേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് കാറിൽ പിന്തുടർന്നെത്തിയ സംഘം റംഷാദിനെ റോഡിലിട്ട് ആക്രമിച്ചത്.
2019 നവംബറിൽ മാവിൻ ചുവടിന് സമീപം വെടിമറ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് റംഷാദ്. ഈ കേസിന്റെ വിചാരണ ചൊവ്വാഴ്ച പറവൂർ കോടതിയിൽ ഉണ്ടായിരുന്നു. കോടതി വിട്ടിറങ്ങിയ ഷംസാദും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ അക്രമിസംഘം പിന്തുടർന്നു.
ഇതിനിടെ അക്രമിസംഘം സഞ്ചരിച്ച കാർ മറ്റൊരു കാറിൽ ഇടിച്ചു. കാറിന്‍റെ കേടുപാടുകൾ തീർക്കാമെന്നുപറഞ്ഞ് മാഞ്ഞാലി ഡൈമൺ മുക്കിലെ വർക്ഷോപ്പിലെത്തി. ഈസമയം അവിടെയുണ്ടായിരുന്ന റംഷാദിനെ ഇവർ ആക്രമിക്കുകയായിരുന്നു. റംഷാദിന്‍റെ കൂടെയുണ്ടായിരുന്നവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
റംഷാദിനെ കുത്തിയശേഷം ഇയാളെ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയും വെടിമറയിലെ റംഷാദിന്‍റെ തറവാട്ടുവീട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു. റംഷാദിന്റെ വയറിൽ കുത്തേൽക്കുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബന്ധുക്കൾ ഇയാളെ ചാലാക്ക മെഡിക്കൽ കോളജിലെത്തിച്ചു.
നില വഷളായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെടിമറ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആലുവ വെസ്റ്റ് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളാണെന്ന് സംശയിക്കുന്നവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.