ഗർഭിണിയുടെ മരണം; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം
text_fieldsഷമീമ
പയ്യോളി: ഏഴുമാസം ഗർഭിണിയായിരിക്കെ കൊയിലാണ്ടി അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട പയ്യോളി സ്വദേശിനി താരയിൽ വിരുന്നുകണ്ടി ഷമീമയുടെ (28) മരണത്തിൽ ദുരൂഹത. ഭർത്താവ് അരിക്കുളം സ്വദേശി നവാസ് ഭാര്യ ഷമീമയെ നിരന്തരം ശാരീരിക - മാനസിക പീഡനങ്ങൾ ഏൽപ്പിച്ചുവെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
ഒരുതവണ നവാസിന്റെ ഓട്ടോറിക്ഷ ഇടിച്ച് ഷമീമയുടെ കാലിനും കൈക്കും ഗുരുതരമായ പരിക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു. മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് ഷമീമയുടെ ഫോൺ കൈവശം വെച്ച സഹോദരൻ ഷാമിലിന് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊയിലാണ്ടി കുറുവങ്ങാട് വെച്ച്
മർദ്ദനമേൽപ്പിച്ചിരുന്നു. സംഭവത്തിൽ ഷാമിലിനെ കൈക്ക് നാല് തുന്നലുകൾ ഉണ്ട് . ഒടുവിൽ ഷമീമയുടെ മരണത്തെ തുടർന്ന് പരാതി നൽകിയ ബന്ധുവിനെതിരെ ഭർത്താവ് നവാസ് വധഭീഷണി മുഴക്കിയതായി പറയുന്നു. നവാസും ഷമീമയും പ്രണയിച്ച് വിവാഹിതരായതായിരുന്നു .
ഒന്നരമാസം മുമ്പ് അരിക്കുളത്തെ വാടകവീട്ടിൽ താമസിക്കുകയായിരുന്ന ഷമീമയെ മാതാവ് അസ്മ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് നേരിൽ പോയി അന്വേഷിച്ചപ്പോൾ മകൾ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ഒന്നര മാസത്തോളം ചികിത്സയിൽ കഴിഞ്ഞതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെ മരിച്ചു. മരണത്തിൽ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷമീമയുടെ കുടുംബം കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

