Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസിന്ധുവിനെ...

സിന്ധുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

text_fields
bookmark_border
sindhu adimali murder
cancel
camera_alt

സിന്ധു

അടിമാലി: സിന്ധുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കൊലപാതകത്തിന് മുമ്പ്​ മൃഗീയമായി മര്‍ദനമേറ്റതിന്‍റെ ലക്ഷണവുമുണ്ട്. വാരിയെല്ലുകള്‍ വരെ ഒടിഞ്ഞിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഇടുക്കി കാമാക്ഷിയില്‍ സിന്ധുവിന്‍റെ കുടുംബവീട്ടിലാണ് സംസ്‌കാരം നടത്തുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കൊല്ലപ്പെട്ട സിന്ധു അകന്നുകഴിയുന്ന തന്‍റെ ഭർത്താവിന്​ കാന്‍സര്‍ ബാധിച്ചപ്പോൾ കാണാൻ പോയതാണ്​ പ്രതി ബിനോയി​യെ പ്രകോപിപ്പിച്ചതെന്നാണ്​ സൂചന. ഇത്​ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

ബിനോയി

പെരിഞ്ചാംകുട്ടി താമഠത്തില്‍ ബാബുവിന്‍റെ ഭാര്യ സിന്ധു(44)വിനെയാണ്​ അയൽവാസി പണിക്കന്‍കുടി ചേബ്ലായിതണ്ട് നായികുന്നേല്‍ ബിനോയി(48) കൊലപ്പെടുത്തി തന്‍റെ അടുക്കളയിൽ മൃതദേഹം കുഴിച്ചിട്ടത്​. ഭര്‍ത്താവ് ബാബുവുമായി പിണങ്ങിയ സിന്ധു അഞ്ചുവര്‍ഷമായി ബിനോയിയുടെ വീടിന്‍റെ അടുത്ത് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. ഇരുവരും അടുപ്പത്തിലായിരുന്നു.

ബാബുവിന്​ ഈയിടെ കാൻസർ ബാധിച്ച്​ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അപ്പോൾ അകൽച്ച വകവെക്കാതെ സിന്ധു ഭര്‍ത്താവിനെ കാണാന്‍ ആശുപത്രിയില്‍ പോയി. ഇത് ബിനോയി വിലക്കിയിരുന്നു. തിരിച്ച് വന്നത് മുതല്‍ സിന്ധുവുമായി ബിനോയി തര്‍ക്കവും വഴക്കുമായി.

ഇതിനിടയില്‍ ബാബു പെരിഞ്ചാംകുട്ടിയിലെ വീട്ടിലെത്തി. ഇവിടെ സിന്ധു പോകാന്‍ ശ്രമിച്ചിരുന്നു. ഇതോടെ വകവരുത്താന്‍ ബിനോയി പദ്ധതി തയ്യാറാക്കുകയും കൂടെയുണ്ടായിരുന്ന മകനെ ബിനോയിയുടെ സഹോദരിയുടെ അടുക്കല്‍ രാത്രി കൂട്ട് കിടക്കാന്‍ പറഞ്ഞ് വിട്ടശേഷം സിന്ധുവിനെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചിടുകയുമായിരുന്നു.

കൊലക്ക്​ ശേഷം പ്രതി തെളിവുനശിപ്പിക്കാൻ നിരവധി തന്ത്രങ്ങളാണ്​ പയറ്റിയത്​. മൃതദേഹം കുഴിച്ചിട്ട ശേഷം ചാണകം ഉപയോഗിച്ച് തറ മെഴുകി. മുകളില്‍ അടുപ്പ് പണിതു. ഇതിന് മുകളില്‍ ജാതിപത്രി ഉണക്കാന്‍ ഇട്ടിരുന്നു. തെളിവ് നശിപ്പിക്കുകയെന്ന ലക്ഷമായിരുന്നു ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

അടുക്കളയില്‍ നാലടിയോളം താഴ്ചയിലുള്ള കുഴിയില്‍ ചമ്രംപടിഞ്ഞ്​ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്​. വസ്ത്രങ്ങള്‍ ഇല്ലായിരുന്നു. തലയിലൂടെ പ്ലാസ്റ്റിക് കവര്‍ ഇട്ടിരുന്നു. ചെറിയ അടുക്കള ആയതിനാല്‍ ഭീത്തി പൊളിച്ച് മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ശനിയാഴ്ച രാവിലെ 8.30 ന് വെള്ളത്തൂവല്‍ സി.ഐ ആര്‍. കുമാറിന്‍റെയും ഇടുക്കി തഹസില്‍ദാര്‍ വിന്‍സെന്‍റ്​ ജോസഫിന്‍റെയും നേത്യത്വത്തിലാണ് മൃതദേഹം പുറത്തെടുക്കാന്‍ ശ്രമമാരംഭിച്ചത്. 11 മണിയോടെ പുറത്തെടുത്തു. മൂക്കൂത്തിയും പല്ലും കണ്ട്​ സിന്ധുവിന്‍റെ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

തഹസില്‍ദാരുടെ നേത്യത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സയന്‍റിഫിക് ഫോറന്‍സിക് വിദഗ്​ധരെത്തി വിശദമായ തെളിവെടുപ്പ് നടത്തി. മൃതദേഹത്തിന് സമീപത്ത് നിന്നും വറ്റല്‍ മുളക് വിതറിയ നിലയില്‍ കണ്ടെത്തി.

മകനെ സഹോദരിയുടെ വീട്ടിലയച്ച്​ അമ്മയെ കൊന്നു

സിന്ധുവിനെ കഴിഞ്ഞ ആഗസ്റ്റ് 12 മുതലാണ്​ കാണാതായത്​. ആഗസ്റ്റ് 11ന് രാത്രി 13 വയസുളള സിന്ധുവിന്‍റെ മകൻ അഖിലിനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ട് കിടക്കാന്‍ വിട്ടിരുന്നു. 12ന് മകന്‍ വീട്ടിലെത്തിയപ്പോള്‍ സിന്ധുവിനെ കണ്ടില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

15ന് വെള്ളത്തൂവല്‍ പൊലീസ് കേസ് എടുത്തു. ബിനോയിയെ 16 ന് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതോടെ ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. ഇരുവരെയും കണ്ടെത്താന്‍ പൊലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് മറ്റ് സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച അഖില്‍ പറഞ്ഞതനുസരിച്ച് സിന്ധുവിന്‍റെ സഹോദരങ്ങൾ ബിനോയിയുടെ വീട്ടില്‍ പരിശോധന നടത്തിയത്​. അടുക്കളയില്‍ അടുപ്പിന് സമീപത്ത് നിന്നും മണ്ണ് നീക്കിയപ്പോള്‍ കൈയ്യും വിരലുകളും കണ്ടു. ഒളിവില്‍പോയ ബിനോയിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

സിന്ധുവുമായി ബിനോയി അടുപ്പത്തിലായത് കോടതിയില്‍ വെച്ച്

സിന്ധുവിന്‍റെ സഹോരന്‍റെ കേസുമായി ബന്ധപ്പെട്ട് 6 വര്‍ഷം മുന്‍പ് കോടതിയില്‍ എത്തിയപ്പോഴാണ്​ സിന്ധുവുമായി ബിനോയി അടുപ്പത്തിലായത്​. ഈ സമയം മറ്റൊരു ക്രിമിനല്‍ കേസില്‍ ബിനോയി കോടതിയിലെത്തിയതായിരുന്നു. അവിടെ ​െവച്ച്​ കണ്ട് മുട്ടി പിന്നീട് സൗഹൃദത്തിലായി.

ഭര്‍ത്താവുമായിട്ടുളള അകല്‍ച്ച മുതലെടുത്ത് സിന്ധുവിനെ സ്വന്തം നിലക്ക് ബിനോയി തന്‍റെ വീടിനോട് ചേര്‍ന്ന് വാടക വീടെടുത്ത് താമസിപ്പിച്ചു. ഈ സമയം ഇളയ മകന്‍ മാത്രമാണ് സിന്ധുവിനൊപ്പം ഉണ്ടായിരുന്നത്. ഭാര്യയുമായി 2013 ല്‍ ബിനോയി ബന്ധം വേര്‍പ്പെടുത്തിയിരുന്നു. വെട്ട് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമാണ് ബിനോയി. സംശയ രോഗിയായ ബിനോയി സിന്ധുവിനെ മറ്റെങ്ങും പോകാനും അനുവധിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adimaliPost-mortem reportmurderPanickankudy Murder Case
News Summary - Post-mortem report states that Sindhu was strangled to death
Next Story