കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് വ്യാജേന വിവാഹമോചിതരായ സ്ത്രീകളെ കബളിപ്പിച്ച് തട്ടിപ്പ്; പ്രതി പിടിയിൽ
text_fieldsകോഴിക്കോട്: വിവാഹാലോചന സൈറ്റുകൾ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരിചയപ്പെട്ട് വിവാഹമോചിതരായ സ്ത്രീകളെ വലയിലാക്കി പണം തട്ടുന്ന പ്രതി അറസ്റ്റിൽ. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഷിബിലിയാണ് (30) കോഴിക്കോട് മുക്കം പൊലീസിന്റെ പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് സ്ത്രീകളിൽ നിന്ന് ഷിബിലി പണം തട്ടുന്നത്.
കൊടിയത്തൂർ സ്വദേശിയായ വിവാഹമോചിതയായ സ്കൂൾ അധ്യാപികയുടെ പരാതിയിലാണ് മുക്കം പൊലീസ് പിടികൂടിയത്. അധ്യാപികയിൽനിന്ന് മാത്രം 4,85,000 രൂപ ഷിബിലി തട്ടിയെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹാലോചന സൈറ്റുകളിൽ പേര് രജിസ്റ്റര് ചെയ്തും സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങിയുമായിരുന്നു തട്ടിപ്പ്. വിവാഹ മോചിതരായ യുവതികളെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്. ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരിൽ സ്ത്രീകളിൽനിന്ന് പണം വാങ്ങി മുങ്ങുന്നതാണ് രീതി.
മഞ്ചേരിയിൽ രജിസ്റ്റര് ചെയ്ത കേസിൽ അറസ്റ്റിലായി പെരിന്തൽമണ്ണയിലെ ജയിലിൽ കഴിയുകയായിരുന്ന ഷിബിലിയെ മുക്കം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ നാല് സമാന കേസുകളിലെ പ്രതിയാണ് ഷിബിലി. 85 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. കൂടുതൽ ആളുകളിൽനിന്ന് പ്രതി പണം തട്ടിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

