ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; മുഖ്യ പ്രതി പൂക്കോയ തങ്ങൾ കീഴടങ്ങി; ഒളവിൽ കഴിഞ്ഞത് നേപ്പാളിൽ
text_fieldsപൂക്കോയ തങ്ങൾ കോടതിയിൽ
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ജ്വല്ലറി എം.ഡിയുമായ പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ച രാവിലെ 12 മണിയോടെ നാടകീയമായി കീഴടങ്ങിയ പൂക്കോയ തങ്ങളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പത്തുമാസത്തോളമായി നേപ്പാളിൽ ഒളിവിൽ കഴിയുകയായിരുന്നു തങ്ങളെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര, ഹോസ്ദുർഗ്, ബേക്കൽ, കാസർകോട്, പയ്യന്നൂർ, തലശ്ശേരി, തൃശൂർ ഉൾപ്പെെട ഇയാൾക്ക് എതിരെ 166 കേസുകളാണ് ഉള്ളത്. ഇതിൽ 138 കേസും കാസർകോട് ജില്ലയിൽതന്നെയാണ്. ജ്വല്ലറി ചെയർമാൻ മുൻ എം.എൽ.എയായ എം.സി ഖമറുദ്ദീൻ അറസ്റ്റിലായതിനെ തുടർന്ന് കഴിഞ്ഞ നവംബർ ഏഴുമുതൽ ഇയാൾ ഒളിവിലായിരുന്നു.
മകെൻറ സുഹൃത്തുവഴി ഏർപ്പാടാക്കിയ സൗകര്യമൊരുക്കി നേപ്പാളിൽ താമസിക്കുകയായിരുന്നു ഇത്രയും നാളെന്ന് പൂക്കോയ തങ്ങൾ പറഞ്ഞു. കള്ളപ്പണ ഇടപാടുകൾ നടന്നതായി വിവരമുള്ളതിനാൽ ഇ.ഡിയും കേസിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ട് ചന്തേരയിലെ പൂക്കോയ തങ്ങളുടെ വീട്ടിലെത്തി പലതവണ ക്രൈംബ്രാഞ്ച് സംഘം സമ്മർദം ചെലുത്തിയിരുന്നു. ഇടപാടുകളെല്ലാം നടത്തിയിരുന്നത് പൂക്കോയ തങ്ങൾ ആണെന്നാണ് ഖമറുദീെൻറ മൊഴി. നിക്ഷേപ തട്ടിപ്പിൽ പ്രതിയായ പൂക്കോയ തങ്ങളുടെ മകൻ ഹിഷാം ദുബൈയിലാണെന്നാണ് വിവരം. പ്രതിക്കു വേണ്ടി അഡ്വ. പി.വൈ അജയകുമാർ കോടതിയിൽ ഹാജരായി.
രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസാണിത്. കാസർകോട്-കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി. കെ.കെ. മൊയ്തീൻ കുട്ടി, ഡി.വൈ.എസ്.പി എം. സുനിൽകുമാർ, സി.ഐ ടി. മധുസൂദനൻ, എസ്.ഐ. ഒ.ടി. ഫിറോസ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.പി. മധു എന്നിവരടങ്ങുന്ന സംസ്ഥാന ക്രൈംബ്രാഞ്ചിെൻറ മേൽനേട്ടത്തിലാണ് ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.