ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം; കൊന്നത് ബി.ജെ.പി അനുഭാവികളെന്ന് എഫ്.ഐ.ആർ
text_fieldsപാലക്കാട്: സി.പി.എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഫ്.ഐ.ആർ. ബി.ജെ.പി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിലെന്നും ഷാജഹാന്റെ കാലിനും തലക്കും മാരകമായി വെട്ടേറ്റിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. എട്ട് പേരാണ് കേസിൽ പ്രതികളെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.
ഞായറാഴ്ച രാത്രി 9.30ഓടെയാണ് സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമായ കൊട്ടേക്കാട് കുന്നങ്കാട് വീട്ടിൽ ഷാജഹാനെ (40) വീടിന് മുന്നിൽ വെച്ച് രണ്ട് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. തലക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ചേർന്ന് ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
10 ദിവസം മുമ്പ് ആയുധങ്ങളുമായി അക്രമികൾ ഷാജഹാന്റെ വീട്ടിലെത്തിയിരുന്നുവെന്ന് സി.പി.എം ജില്ല നേതൃത്വം ആരോപിച്ചിരുന്നു. അക്രമി സംഘത്തിലുണ്ടായിരുന്നവർ നേരത്തെ സി.പി.എം പ്രവർത്തകരായിരുന്നെന്നും ഇപ്പോൾ ബി.ജെ.പിയുമായി സഹകരിക്കുന്നവരാണെന്നും കുന്നംകാട് മുൻ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണൻ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.