ആദിവാസികളുടെ വിവാഹച്ചടങ്ങിൽ പൊലീസ് അതിക്രമം; വരനെയടക്കം ലാത്തിച്ചാർജ് നടത്തി, എസ്.ഐക്ക് സസ്പെൻഷൻ
text_fieldsവിവാഹപ്പന്തലിലെത്തിയ പൊലീസ് ആളുകളുമായി തർക്കിക്കുന്നു. ഉൾച്ചിത്രത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട എസ്.ഐ സന്തോഷ്
ബംഗളൂരു: ഉഡുപ്പി കോട്ടയിൽ ആദിവാസി വിഭാഗമായ കൊറഗരുടെ വിവാഹപ്പന്തലിൽ പൊലീസിെൻറ അഴിഞ്ഞാട്ടം. തിങ്കളാഴ്ച രാത്രി നടന്ന മൈലാഞ്ചിയിടൽ ചടങ്ങിനിടെയാണ് അതിക്രമം. വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
ആദിവാസികൾക്കുനേരെ നടന്ന മനുഷ്യാവകാശ ലംഘനം വിവാദമായതോടെ പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു. എസ്.ഐയെ സസ്പെൻഡ് ചെയ്ത അധികൃതർ സംഭവത്തിലുൾപ്പെട്ട ആറു പൊലീസുകാരെ സ്ഥലംമാറ്റി. വിവാഹപ്പന്തലിലെ പൊലീസ് ലാത്തിച്ചാർജിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
ബ്രഹ്മാവർ താലൂക്കിലെ കോട്ട കൊട്ടത്തട്ട് ഗ്രാമപഞ്ചായത്തിലാണ് സംഭവം. വിവാഹപ്പന്തലിൽ ഉച്ചത്തിൽ പാട്ടുവെച്ചെന്ന് അയൽക്കാർ പരാതി അറിയിച്ചതിനെത്തുടർന്നാണ് രാത്രി 9.30 ഓടെ പൊലീസുകാരെത്തിയത്. എന്നാൽ, സ്പീക്കറിെൻറ ശബ്ദം കുറക്കാമെന്ന് സമ്മതിച്ചിട്ടും ഒരു പ്രകോപനവുമില്ലാതെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നുവെന്ന് ആദിവാസി ആക്ടിവിസ്റ്റ് ശ്രീധർ നാട ചൂണ്ടിക്കാട്ടി.
ശുചീകരണ തൊഴിലാളിയായി ജോലിചെയ്യുന്ന രാജേഷ് എന്ന യുവാവിെൻറ വിവാഹമായിരുന്നു. വരനായ രാജേഷിനും പൊലീസിെൻറ അടികിട്ടിയതായി അവർ ചൂണ്ടിക്കാട്ടി. വരനടക്കം അഞ്ചുപേരെ പൊലീസ് വലിച്ചിഴച്ച് കോട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ ലാത്തിച്ചാർജിന് നേതൃത്വം നൽകിയ എസ്.ഐ വി.പി. സന്തോഷിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ ആദിവാസികൾ പ്രതിഷേധ സമരം നടത്തി.
സംഭവം വിവാദമായതോടെ എസ്.ഐയെ ഉഡുപ്പി എസ്.പി എൻ. വിഷ്ണുവർധൻ അന്വേഷണവിധേയമായി ബുധനാഴ്ച സസ്പെൻഡ് ചെയ്തു. കർണാടകയിൽ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലും കേരളത്തിൽ കാസർകോടും കൂടുതലായി താമസിക്കുന്നവരാണ് കൊറഗ ആദിവാസി വിഭാഗം. കഴിഞ്ഞ കുറച്ചുദശകങ്ങളായി ഈ വിഭാഗത്തിെൻറ ജനസംഖ്യ കുറഞ്ഞുവരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ 16,000ത്തോളം കൊറഗർ മാത്രമാണുള്ളതെന്നാണ് കണക്ക്. ഇതിൽ 9,000 ത്തോളം പേർ താമസിക്കുന്നതും ഉഡുപ്പിയിലാണ്.
ലിപിയിലാത്ത കൊറഗ ഭാഷയാണ് ഇവരുടെ തനത് ഭാഷ. സാധാരണ കൊറഗർ സമുദായത്തിന് പുറത്തുനിന്നാണ് വിവാഹം കഴിക്കാറുള്ളതെന്നും അപൂർവമായാണ് സമുദായത്തിനകത്തുനിന്ന് വിവാഹം കഴിക്കുന്നതെന്നും ആക്ടിവിസ്റ്റ് ശ്രീധർ പറഞ്ഞു.
കോട്ടയിൽ നടന്ന വിവാഹം അത്തരത്തിലുള്ളതായതിനാലാണ് ആഘോഷപൂർവം പാട്ടുവെച്ചത്. അക്കാരണത്താൽ പൊലീസ് വിവാഹപ്പന്തലിൽ കയറി ലാത്തിച്ചാർജ് നടത്താൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരപരാധികളായ കൊറഗരെ ആക്രമിച്ച പൊലീസ് നടപടിയിൽ ശക്തമായി അപലപിക്കുന്നതായി പിന്നാക്ക വിഭാഗ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു. വ്യാഴാഴ്ച വരെൻറ കുടുംബത്തെ താൻ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.