പൊലീസ് പ്രത്യേക പരിശോധന: ജില്ലയിൽ രജിസ്റ്റർ ചെയ്തത് 796 കേസുകൾ
text_fieldsമലപ്പുറം: ജില്ലയിൽ മയക്കുമരുന്ന് ഉപയോഗവും ഗതാഗത കുറ്റങ്ങളും നിയന്ത്രിക്കാനായി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒറ്റദിവസം മാത്രം രജിസ്റ്റർ ചെയ്തത് 796 കേസുകൾ. വെള്ളിയാഴ്ചയാണ് ജില്ലയിൽ പരിശോധന നടന്നത്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മാത്രം 106 കേസുകൾ രജിസ്റ്റർ ചെയ്തു. അനധികൃത മദ്യ ഉപയോഗത്തിനും വിൽപനക്കുമെതിരെ 117 കേസുകളെടുത്തു. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ 155 കി.ഗ്രാം കഞ്ചാവ്, നിലമ്പൂർ സ്റ്റേഷനിൽ 13.7 കി.ഗ്രാം കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ 126 കെ.ജി തിമിംഗല ഛർദിൽ വിൽപനക്കെത്തിയവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
വിവിധ കേസുകളിൽപെട്ട് ഒളിവിൽ പോയ 76 പ്രതികളും, കോടതിയിൽ ഹാജറാകാതെയും ഒളിവിൽ താമസിച്ചിരുന്ന പിടികിട്ടാപുള്ളികളായ 27 പ്രതികളും, ജാമ്യമില്ലാ വാറന്റിൽ പിടികിട്ടാനുണ്ടായിരുന്ന 84 പ്രതികളും ഉൾപ്പെടെ 187 കുറ്റവാളികളെ ഒറ്റ ദിവസംകൊണ്ട് പൊലീസ് പിടികൂടി. വാഹന പരിശോധനയിൽ 2054 വാഹനങ്ങൾ പരിശോധന നടത്തിയതിൽ 7,12,750 രൂപ പിഴ ചുമത്തി. ഇതിന് പുറമെ രാത്രികാലങ്ങളിൽ അനാവശ്യമായി ചുറ്റിക്കറങ്ങിയവരും പൊലീസ് പിടിയിലായി.
അനധികൃത ലോട്ടറി വിൽപന ശാലകൾ റെയ്ഡ് നടത്തിയതിൽ നിരോധിക്കപ്പെട്ട ഒറ്റ നമ്പർ ലോട്ടറി വിൽപനക്കെതിരെ 32 കേസുകളും രജിസ്റ്റർ ചെയ്തു. ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഡിവൈ.എസ്.പിമാർ, ഇൻസ്പെക്ടർമാർ, എസ്.ഐമാർ ഉൾപ്പെടെയുള്ള സംഘമാണ് പ്രത്യേകം പരിശോധന നടത്തിയത്.

