കരിപ്പൂരിൽ പൊലീസ് വീണ്ടും സ്വർണം പിടികൂടി
text_fields1. പിടിച്ചെടുത്ത സ്വര്‍ണമിശ്രിതമടങ്ങിയ കാപ്സ്യൂളുകള്‍, 2. മുഹമ്മദ് ആസിഫ്
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനെ ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണമിശ്രിതവുമായി പൊലീസ് പിടികൂടി. കൊണ്ടോട്ടി തുറക്കല്‍ ടി.ബി റോഡ് സ്വദേശി നരനാട് മുഹമ്മദ് ആസിഫാണ് (26) വിമാനത്താവള പരിസരത്ത് കരിപ്പൂര്‍ പൊലീസിന്റെ പ്രത്യേക പരിശോധനയിൽ പിടിയിലായത്. ഇയാളില്‍നിന്ന് ശരീരത്തിനകത്ത് നാല് കാപ്സ്യൂളുകളിലായി ഒളിപ്പിച്ചുകൊണ്ടുവന്ന 41.95 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെടുത്തു. അബൂദബിയില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ച 4.30ന് എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയതായിരുന്നു ആസിഫ്. വിമാനത്താവളത്തിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ സംശയത്തെ തുടര്‍ന്ന് ടെര്‍മിനലിന് പുറത്തെ സഹായ കേന്ദ്രത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്സ്റേ പരിശോധനയിലാണ് കാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച 851 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.
തുടര്‍ന്ന് നാല് കാപ്സ്യൂളുകളും പുറത്തെടുത്തു. തുടരന്വേഷണത്തിനായി കസ്റ്റംസിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ സ്വീകരിക്കാനെത്തിയവരെ പിടികൂടാനായിട്ടില്ല. പൊലീസ് ഇടപെടല്‍ മനസ്സിലാക്കി കൂട്ടുപ്രതികള്‍ രക്ഷപ്പെട്ടെന്നാണ് നിഗമനം.